കാസര്‍കോട് സുബൈദ കൊലക്കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം പിഴയും

Update: 2022-12-14 08:06 GMT

കാസര്‍കോട്: ചെക്കിപ്പള്ളം സുബൈദ കൊലക്കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. കുഞ്ചാര്‍ കോട്ടക്കണ്ണി സ്വദേശി കെ എം അബ്ദുല്‍ ഖാദറിനെ (30) യാണ് ശിക്ഷിച്ചത്. കാസര്‍കോട് ജില്ലാ ഒന്നാം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സി കൃഷ്ണകുമാറാണ് വിധി പറഞ്ഞത്. കേസിലെ മൂന്നാം പ്രതി കാസര്‍കോട് മാന്യ സ്വദേശി അര്‍ഷാദി (34) നെ തെളിവുകളുടെ അഭാവത്തില്‍ ചൊവ്വാഴ്ച വെറുതെ വിട്ടിരുന്നു. കൊലപാതകം, ഭവനഭേദനം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരേ തെളിഞ്ഞത്. രണ്ടാം പ്രതി സുള്ള്യ അജ്ജാവരയിലെ അബ്ദുല്‍ അസീസ് നേരത്തെ പോലിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.

നാലാം പ്രതിയായിരുന്ന പടഌകുതിരപ്പാടിയിലെ അബ്ദുല്‍ അസീസിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. ചെക്കിപള്ളത്ത് തനിച്ച് താമസിച്ചിരുന്ന സുബൈദയെ 2018 ജനവരി 17 നാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടിവെള്ളം ചോദിച്ചെത്തിയ പ്രതികള്‍ സുബൈദയെ ബലമായി ക്ലോറോഫോം മണപ്പിക്കുകയും ബോധരഹിതയായപ്പോള്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. സുബൈദയുടെ 27 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ചചെയ്യപ്പെട്ടിരുന്നു. ചുമരിനോടും വാതിലിനോടും ചേര്‍ന്ന് കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയും മുഖവും തുണിയുപയോഗിച്ച് വരിഞ്ഞുകെട്ടിയിരുന്നു.

വീട് പുറത്തു നിന്ന് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. സര്‍ക്കാര്‍ പതിച്ചുനല്‍കിയ 15 സെന്റില്‍ വീടുണ്ടാക്കി താമസിക്കുന്നതിനിടെയായിരുന്നു കൊലപാതകം. അന്ന് ജില്ലാ പോലിസ് മേധാവിയായിരുന്ന കെ.ജി.സൈമണ്‍, കാഞ്ഞങ്ങാട് ഡിവൈഎസ്പിയായിരുന്ന കെ ദാമോദരന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന വി കെ വിശ്വംഭരന്‍, സി കെ സുനില്‍കുമാര്‍, സി എ അബ്ദുല്‍റഹിം എന്നിവരാണ് അന്വേഷണം നടത്തിയത്. ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വിശ്വംഭരനായിരുന്നു അന്വേഷണച്ചുമതല. 45 സാക്ഷികളെ വിസ്തരിച്ചു. 120 രേഖയും 52 തൊണ്ടിമുതലും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ദിനേശ്കുമാര്‍ ഹാജരായി.

Tags:    

Similar News