കര്‍ണാടകയുടെ ക്രൂരത: കാസര്‍കോട്ട് ചികില്‍സ ലഭിക്കാതെ മരിച്ചത് കെ സുരേന്ദ്രന്റെ വിശ്വസ്തന്‍

മരിച്ചയാളുടെ ആര്‍എസ്എസ്, ബിജെപി ബന്ധം ചാനലുകളും പത്രങ്ങളും മൂടിവക്കുകയും ചെയ്തു.

Update: 2020-04-04 09:56 GMT

പിസി അബ്ദുല്ല

കാസര്‍കോട്: മംഗളൂരു ദേശീയ പാത കര്‍ണ്ണാടക അടച്ചതു കാരണം വിദഗധ ചികില്‍സ ലഭിക്കാതെ കഴിഞ്ഞദിവസം കാസര്‍കോട്ട് മരണപ്പെട്ടത് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വലം കൈയായിരുന്ന ആര്‍എസ്എസ് നേതാവ്. അഞ്ചു ദിവസം മുന്‍പ് നടന്ന ഈ മരണം മാധ്യമങ്ങള്‍ പ്രധാന വാര്‍ത്തയാക്കിയില്ല. മരിച്ചയാളുടെ ആര്‍എസ്എസ്, ബിജെപി ബന്ധം ചാനലുകളും പത്രങ്ങളും മൂടിവക്കുകയും ചെയ്തു.

കാസര്‍കോട് മഞ്ചേശ്വരംഹൊസബേട്ട ഗുഡക്കേരി ശേഖര്‍ (49)ആണ് ഹൃദ്രോഗത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മരണപ്പെട്ടത്. ഗുരുതരാവസ്ഥയിലായ ശേഖറിനെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടു പോകുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് മംഗലാപുരം ആശുപത്രിയില്‍ പോകാന്‍ കഴിയാതെ വീട്ടില്‍ തന്നെ അദ്ദേഹത്തിനു കഴിയേണ്ടി വന്നു. കര്‍ണാടകയുടെ വഴിതടയല്‍ ഇല്ലായിരുന്നുവെങ്കില്‍ ശേഖറിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഉത്തര കേരളത്തിലെ സംഘപരിവാറിന്റെ മുതിര്‍ന്ന നേതാവായിരുന്നു ശേഖര്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കാസര്‍കോട് ജില്ലയില്‍ മത്സരിച്ചപ്പോഴൊക്കെ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ശേഖറായിരുന്നു. ഏതാനും വോട്ടുകള്‍ക്ക് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ട കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഭാഗത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ശേഖറായിരുന്നു. ഹൃദ്രോഗം മൂലം മാസങ്ങളായി അദ്ദേഹം വിശ്രമത്തിലായിരുന്നു. മഞ്ചേശ്വരം മേഖലയില്‍ കെസുരേന്ദ്രന്റെ വലംകൈയ്യായാണ് അറിയപ്പെട്ടത്.

ശേഖരന്‍ ചികില്‍സ ലഭിക്കാതെയാണ് മരിച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് ആദ്യം പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍, പ്രസ്താവന ബിജെപിയെ തിരിഞ്ഞു കുത്തുമെന്നതിനാല്‍ മാധ്യമങ്ങള്‍ക്കു നല്‍കിയില്ലെന്നാണു ആരോപണം. ആര്‍എസ്എസ് നേതാവിന്റെ മരണത്തോടെ കര്‍ണ്ണാടക അതിര്‍ത്തി അടച്ചതുമൂലം കാസര്‍കോട് ചികില്‍സ കിട്ടാതെ മരിച്ചവരുടെ എണ്ണം ആറായി. തുമിനാട് സ്വദേശി മാധവ, കെസി റോഡിലെ ആയിഷ, ചെറുഗോളിയിലെ അബ്ദുല്‍ അസീസ് ഹാജി,എഴുപതുകാരിയായ പാത്തുമ്മ, തുമിനാട് സ്വദേശി അബ്ദുള്‍ ഹമീദ് എന്നിവരാണ് മരിച്ചത്.


Tags:    

Similar News