ചത്തീസ്ഗഢില്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; നാലു പേര്‍ക്ക് പരിക്ക്

ദിശ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജയില്‍ സര്‍ക്കാരിന്റെ ഹിമായത്ത് പ്രൊജക്റ്റിനു കീഴില്‍ പരിശീലനം നടത്തിവരുന്ന വിദ്യാര്‍ഥികള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്.

Update: 2019-02-15 09:14 GMT

റായ്പൂര്‍: ചത്തീസ്ഗഢിലെ റായ്പൂര്‍ മേഖലയിലെ പരിശീലന പദ്ധതിയില്‍ അംഗങ്ങളായ കശ്മീരി വിദ്യാര്‍ഥികള്‍ക്കുനേരെ സഹപാഠികളുടെ ആക്രമണം. മഹാരാഷ്ട്ര, ചത്തീസ്ഗഢ് എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ നടത്തിയ ആക്രമണത്തില്‍ നാലു കശ്മീരി വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. ദിശ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജയില്‍ സര്‍ക്കാരിന്റെ ഹിമായത്ത് പ്രൊജക്റ്റിനു കീഴില്‍ പരിശീലനം നടത്തിവരുന്ന വിദ്യാര്‍ഥികള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. കശ്മീരില്‍നിന്നുള്ള 34 ഓളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.

ബുധനാഴ്ച വൈകീട്ടാണ് ആദ്യ ആക്രമണമുണ്ടായത്. കോളജ് കാന്റീനില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ആദ്യം ആക്രമണം. രാത്രി 8.30ഓടെ അത്താഴം കഴിക്കാനായി എത്തിയപ്പോഴും ആക്രമണമുണ്ടായി. ഇവരെ പിടിച്ചുമാറ്റാനായി ഇടപെട്ടതോടെ മറ്റു കശ്മീരി വിദ്യാര്‍ഥികളെയും സംഘം ആക്രമിക്കുകയായിരുന്നു. ഹോസ്റ്റല്‍ മുറി വരെ പിന്തുടര്‍ന്നു ആക്രമിച്ചതായി കശ്മീരില്‍നിന്നുള്ള മന്‍സൂര്‍ അഹമ്മദ് മീര്‍ പറഞ്ഞു.

ഹോസ്റ്റല്‍ മുറിയില്‍ കടന്നുകയറിയ സംഘം ലോക്കറുകള്‍ ഉള്‍പ്പെടെ തകര്‍ക്കുകയും വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട് മുറികള്‍ അലങ്കോലമാക്കുകയും ചെയ്തു.ഇരുമ്പ് പൈപ്പുകളും മറ്റും കൊണ്ടുള്ള ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേല്‍ക്കകയും ചെയ്തു. നദിഹാലില്‍നിന്നുള്ള സാഹിദ് വാനി, പസല്‍പോറയില്‍നിന്നുള്ള മുഹസിന്‍, നവീദ്, പുതുഷായി ബന്ദിപോരയില്‍നിന്നുള്ള ഫൈസല്‍ എന്നിര്‍ക്കാണ് പരിക്കേറ്റത്.

ഉടന്‍ കോളജ് വിടണമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.സംഭവം പോലിസിനെ അറിയിച്ചിട്ടും പോലിസ് സഹകരിക്കാന്‍ തയ്യാറായില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

Tags:    

Similar News