കഠ്‌വ കൂട്ടബലാല്‍സംഗം: മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ച കേസിന്റെ നാള്‍വഴികളിലേക്ക്

എട്ട് വയസ് മാത്രം പ്രായമുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോവുക, ക്ഷേത്രത്തില്‍ മയക്കുമരുന്ന് നല്‍കി കൂട്ടബലാല്‍സംഗത്തിനിരയാക്കുക, കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ആദ്യം പുറത്തുവരാതിരിക്കുക, പ്രതിഷേധം ആളിക്കത്തിയപ്പോള്‍ പ്രതികളെ ന്യായീകരിച്ച് ഭരണകൂടംതന്നെ രംഗത്തെത്തുക....... കഠ്‌വ കൂട്ടബലാല്‍സംഗക്കേസിന്റെ നാള്‍വഴികള്‍ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്.

Update: 2019-06-10 11:27 GMT

ശ്രീനഗര്‍: ട്ട് വയസ് മാത്രം പ്രായമുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോവുക, ക്ഷേത്രത്തില്‍ മയക്കുമരുന്ന് നല്‍കി കൂട്ടബലാല്‍സംഗത്തിനിരയാക്കുക, കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ആദ്യം പുറത്തുവരാതിരിക്കുക, പ്രതിഷേധം ആളിക്കത്തിയപ്പോള്‍ പ്രതികളെ ന്യായീകരിച്ച് ഭരണകൂടംതന്നെ രംഗത്തെത്തുക....... കഠ്‌വ കൂട്ടബലാല്‍സംഗക്കേസിന്റെ നാള്‍വഴികള്‍ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതാണ്.

കോടതിയില്‍ കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും കഴിയാതായപ്പോള്‍ സുപ്രിംകോടതിയെ സമീപിച്ച ശേഷമാണ് കേസ് പഠാന്‍ കോട്ടിലെ അതിവേഗ കോടതിയിലേക്ക് മാറ്റിയത്. 114 സാക്ഷികളുള്ള കേസില്‍ 275 തവണ വാദം കേട്ട്, ഒടുവില്‍ ജില്ലാ സെഷന്‍സ് ജഡ്ജി തേജ്‌വീന്ദര്‍ സിങ്ങാണ് വിധിപ്രഖ്യാപനം നടത്തിയത്.


2018 ജനുവരി 10: ബകര്‍വാള്‍ നാടോടിഗോത്രത്തില്‍പ്പെട്ട എട്ട് വയസ്സുകാരിയെ ജമ്മു കശ്മീരിലെ കഠ്‌വ ജില്ലയിലുള്ള രസന ഗ്രാമത്തില്‍ നിന്ന് കാണാതാവുന്നു. വീട്ടിലെ കുതിരകളെ മേയ്ക്കാന്‍ തൊട്ടടുത്തുള്ള തടാകത്തിനടുത്തേക്ക് പോയ ശേഷം പെണ്‍കുട്ടിയെ ആരും കണ്ടിട്ടില്ലെന്നായിരുന്നു പരാതി.

2018 ജനുവരി 12: എട്ട് വയസ്സുകാരിയുടെ അച്ഛന്‍ കുട്ടിയെ കാണാനില്ലെന്ന് ഹിരാനഗര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നു. കുട്ടി മേയ്ക്കാന്‍ കൊണ്ടുപോയ കുതിരകള്‍ വൈകീട്ടോടെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. പക്ഷേ, കുട്ടിയെ കാണാനില്ല. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

2018 ജനുവരി 17: പെണ്‍കുട്ടിയുടെ മൃതദേഹം വീടിന്റെ ഒരു കിലോമീറ്റര്‍ അകലെ വനത്തില്‍നിന്ന് കണ്ടെത്തുന്നു. കഠ്‌വയിലെ ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകത്തിന് മുമ്പ് ദിവസങ്ങളോളം കുട്ടി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

2018 ജനുവരി 18: കഠ്‌വ കൂട്ടബലാല്‍സംഗത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ജമ്മു കശ്മീരില്‍നിന്ന് പുറംലോകത്തേക്ക് എത്തുന്നു. രാജ്യമെങ്ങും പ്രതിഷേധം ഇരമ്പുന്നു. വിഷയം ജമ്മു കശ്മീര്‍ നിയമസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിക്കുന്നു. പിഡിപി- ബിജെപി സഖ്യസര്‍ക്കാരായിരുന്നു ജമ്മു കശ്മീരില്‍ അധികാരത്തിലുണ്ടായിരുന്നത്. വിഷയം അടിയന്തരമായി പരിഗണിക്കാന്‍ തയ്യാറാവാതിരുന്നതിനാല്‍ പ്രതിപക്ഷപാര്‍ട്ടികള്‍ സഭ ബഹിഷ്‌കരിക്കുന്നു.


2018 ജനുവരി 19: കേസില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ അറസ്റ്റിലായി.

2018 ജനുവരി 22: സംസ്ഥാന പോലിസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതിക്കും പ്രതിഷേധത്തിനുമൊടുവില്‍ കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുന്നു.

2018 ഫെബ്രുവരി 16: ഒരു തീവ്ര ഹിന്ദുത്വസംഘടന ബലാല്‍സംഗക്കേസിലെ പ്രതികളെ അനുകൂലിച്ച് ജമ്മു കശ്മീരില്‍ പ്രതിഷേധം നടത്തുന്നു. സംസ്ഥാന ക്രൈംബ്രാഞ്ച് കേസില്‍ കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

2018 മാര്‍ച്ച് 1: പ്രതികളെ അനുകൂലിച്ച് ഹിന്ദുത്വ ഏകതാ മഞ്ച് എന്ന സംഘടന നടത്തിയ പ്രതിഷേധത്തില്‍ ജമ്മു കശ്മീരിലെ കാബിനറ്റ് മന്ത്രിമരായര്‍ വനം മന്ത്രി ചൗധരി ലാല്‍ സിങ്ങും വാണിജ്യമന്ത്രി ചന്ദര്‍ പ്രകാശ് ഗംഗയും പങ്കെടുത്തത് വിവാദമാവുന്നു. കത്വ, ഹിരാനഗര്‍ മണ്ഡലങ്ങളിലെ ബിജെപി എംഎല്‍എമാരായ രാജീവ് ജസ്‌റോതിയ, കുല്‍ദീപ് രാജ് എന്നിവരും റാലിയിലുണ്ടായിരുന്നു.

2018 മാര്‍ച്ച് 20: കേസിലെ പ്രധാന പ്രതി സഞ്ജി റാം അറസ്റ്റിലാവുന്നു

2018 മാര്‍ച്ച് 21: കേസില്‍ ആകെ മൂന്ന് പോലിസുദ്യോഗസ്ഥരടക്കം എട്ട് പ്രതികള്‍ അറസ്റ്റിലാവുന്നു. തെളിവ് നശിപ്പിക്കാനും കേസ് ഒതുക്കിത്തീക്കാനും പോലിസുദ്യോഗസ്ഥര്‍ ശ്രമിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

2018 ഏപ്രില്‍ 4: പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. 

2018 ഏപ്രില്‍ 10: കേസിലെ കുറ്റപത്രം തയ്യാറായി. ഇത് കഠ്‌വ കോടതിയില്‍ ഫയല്‍ ചെയ്യാനെത്തിയ പോലിസ് ഉദ്യോാഗസ്ഥരെ ഒരുകൂട്ടം അഭിഭാഷകര്‍ തടയുന്നു. തുടര്‍ന്ന് അര്‍ധരാത്രിയെത്തിയാണ് ക്രൈകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്.


2018 ഏപ്രില്‍ 11: കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ രാജ്യത്തിന്റെ പലയിടങ്ങളിലും പ്രതിഷേധം ഇരമ്പുന്നു. ജമ്മു കശ്മീരിലും പ്രതിഷേധം അലയടിച്ചു.

2018 ഏപ്രില്‍ 13: പ്രധാനമന്ത്രി നരേന്ദ്രമോദിയും സുപ്രിംകോടതിയും കേസില്‍ ആശങ്ക രേഖപ്പെടുത്തുന്നു. പ്രതികള്‍ക്ക് അനുകൂലമായി പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്ത രണ്ട് ബിജെപി മന്ത്രിമാര്‍ സ്ഥാനം രാജിവയ്ക്കുന്നു.

2018 ഏപ്രില്‍ 14: യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടറസ് സംഭവത്തെ ശക്തമായി അപലപിച്ചു. കേസില്‍ നീതി ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭ നിര്‍ദേശം നല്‍കി.

2018 ഏപ്രില്‍ 16: കേസില്‍ കഠ്‌വ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങുന്നു.

2018 ഏപ്രില്‍ 18: കഠ്‌വയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് വിവിധ മാധ്യമസ്ഥാപനങ്ങള്‍ക്ക് ഡല്‍ഹി ഹൈക്കോടതി 10 ലക്ഷം രൂപ പിഴയിട്ടു.

2018 മെയ് 7: കേസ് തേച്ചുമായ്ച്ചുകളയാന്‍ പ്രതികളെ സഹായിക്കുന്നവര്‍ ശ്രമം ശക്തമാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് കശ്മീരിന് പുറത്തേക്ക് കേസ് മാറ്റാന്‍ സുപ്രിംകോടതി ഉത്തരവിട്ടു. പഞ്ചാബിലെ പഠാന്‍കോട്ടിലുള്ള അതിവേഗകോടതിയിലേക്ക് കേസ് വിചാരണ മാറ്റി. മാധ്യമങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ വിചാരണയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കേണ്ടതില്ലെന്നും വിചാരണ പൂര്‍ണമായും കാമറയില്‍ ചിത്രീകരിക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു.

2019 ജൂണ്‍ 3: ഒരുവര്‍ഷംകൊണ്ട് കേസിലെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കി. 114 സാക്ഷികളെ വിസ്തരിച്ചു. കേസ് വിധിപറയാന്‍ ജൂണ്‍ 10ലേക്ക് മാറ്റി.

2019 ജൂണ്‍ 10: കഠ്‌വ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. മുഖ്യപ്രതി സാന്‍ജി റാമിന്റെ മകന്‍ വിശാല്‍ ജംഗോത്രയെ കോടതി തെളിവില്ലെന്നു കണ്ട് വിട്ടയച്ചു. മൂന്ന് പ്രതികള്‍ക്ക് ജീവപര്യനന്തം തടവുശിക്ഷ വിധിച്ചു. മറ്റ് മൂന്ന് പ്രതികള്‍ക്ക് അഞ്ചുവര്‍ഷം തടവ്.  

Tags:    

Similar News