ഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന് ഭ്രാന്തില്ലെന്ന് കെ ടി രാമറാവു
ഹൈദരാബാദ്: എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ക്കാന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഷര്‍ റാവുവിന്റെ ഭാരത് രാഷ്ട്രസമിതി നിരവധി തവണ ശ്രമിച്ചിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് കെസിആറിന്റെ മകന്‍ കെ ടി രാമറാവു രംഗത്ത്. എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന് ഭ്രാന്തില്ലെന്ന് ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റായ അദ്ദേഹം പറഞ്ഞു. ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. പ്രധാനമന്ത്രി പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നത്.
കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ബിആര്‍എസ് സാമ്പത്തിക സഹായം നല്‍കിയെന്ന് ആരോപിച്ച അദ്ദേഹം അതേ വേദിയില്‍തന്നെ തങ്ങളെ എന്‍ഡിഎയില്‍ ചേരാന്‍ അനുവദിച്ചില്ലെന്നും പറയുന്നു. എന്‍ഡിഎയില്‍ പോയി ചേരാന്‍ ഞങ്ങളെ പേപ്പട്ടി കടിച്ചോ?. നിരവധി പാര്‍ട്ടികള്‍ നിങ്ങളുടെ സഖ്യംവിടുകയാണ്. ശിവസേനയും ജനതാദള്‍ യുനൈറ്റഡും തെലുഗുദേശം പാര്‍ട്ടിയു ശിരോമണി അകാലിദള്ളും നിങ്ങളെ വിട്ടുപോയി. സിബിഐയും ഇഡിയും ആദായനികുതി വകുപ്പുമല്ലാതെ ആരാണ് എന്‍ഡിഎയിലുള്ളതെന്നും അദ്ദേഹം ചോദിച്ചു. കെസിആര്‍ പലതവണ എന്‍ഡിഎയുടെ ഭാഗമാവാന്‍ ശ്രമിച്ചിരുന്നുവെന്നും താന്‍ അവരുടെ അഭ്യര്‍ഥന നിരസിച്ചെന്നുമായിരുന്നു നിസാമാബാദില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി മോദി പ്രസംഗിച്ചത്.