ഉമര്‍ ഖാലിദിനെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍; വഞ്ചനയെന്ന് ജെഎന്‍യു വിദ്യാര്‍ഥി നേതാവ്

ആം ആദ്മി പാര്‍ട്ടി സര്‍ക്കാരില്‍നിന്നും ആഭ്യന്തരമന്ത്രാലയത്തില്‍നിന്നും ഖാലിദിനെതിരേ പോലിസിന് പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചതിനാല്‍ അനുബന്ധ കുറ്റപത്രത്തില്‍ അദ്ദേഹത്തിന്റെ പേരും ഉള്‍പ്പെടുത്തും.

Update: 2020-11-07 06:18 GMT

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ വംശഹത്യ അതിക്രമത്തില്‍ ഗൂഡാലോചന നടത്തിയെന്ന കുറ്റം ആരോപിച്ച് അറസ്റ്റിലായ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി. കലാപമുണ്ടാക്കാന്‍ ഗൂഡാലോചന നടത്തി എന്നാണ് ഉമര്‍ ഖാലിദിന് മേല്‍ചുമത്തിയ കുറ്റം.

ഡല്‍ഹി കലാപത്തിന്റെ പ്രതിപ്പട്ടികയില്‍ തന്നെ വലിച്ചിഴക്കാന്‍ ഡല്‍ഹി പോലിസ് കള്ള സാക്ഷിമൊഴി നല്‍കാന്‍ പലരെയും നിര്‍ബന്ധിക്കുന്നതായി ചൂണ്ടിക്കാട്ടി ഉമര്‍ ഖാലിദ് നേരത്തെ ഡല്‍ഹി പോലിസ് കമീഷണര്‍ എസ് എന്‍ ശ്രീനിവാസ്തവക്ക് കത്തെഴുതിയിരുന്നു.

ആം ആദ്മി പാര്‍ട്ടി സര്‍ക്കാരില്‍നിന്നും ആഭ്യന്തരമന്ത്രാലയത്തില്‍നിന്നും ഖാലിദിനെതിരേ പോലിസിന് പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചതിനാല്‍ അനുബന്ധ കുറ്റപത്രത്തില്‍ അദ്ദേഹത്തിന്റെ പേരും ഉള്‍പ്പെടുത്തും.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും പ്രോസിക്യൂഷന് അനുമതി നല്‍കിയിട്ടുണ്ട്. ആരാണ് പ്രതികള്‍ എന്ന് കണ്ടെത്തേണ്ടത് കോടതിയാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസില്‍ ഖാലിദിനെതിരെ തീവ്രവാദ വിരുദ്ധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, ഡല്‍ഹി സര്‍ക്കാരിന്റെ ഈ നടപടിയെ വിശ്വാസ വഞ്ചന എന്നാണ് ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ് വിശേഷിപ്പിച്ചത്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് തലസ്ഥാന നഗരിയില്‍ രാജ്യത്തെ നടുക്കിയ വര്‍ഗീയ കലാപം അരങ്ങേറിയത്. വടക്കുകിഴക്കന്‍ ദില്ലിയിലെ ജാഫ്‌റാബാദില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്‌ലിം സ്ത്രീകള്‍ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ഫെബ്രുവരി 23ന് ബി.ജെ.പി നേതാവ് കപില്‍ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ തുടര്‍ന്നായിരുന്നു കലാപം തുടങ്ങിയത്. ആകെ 53 പേര്‍ കൊല്ലപ്പെട്ടു. ഇരകളില്‍ ഭൂരിപക്ഷവും മുസ്ലിം വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. നിരവധി വീടുകളും കടകളും കലാപകാരികള്‍ അഗ്‌നിക്കിരയാക്കി.കലാപത്തിന് തുടക്കമിട്ട കപില്‍ മിശ്രക്കെതിരെ ഡല്‍ഹി പൊലീസ് ഇതുവരെ നടപടി എടുത്തില്ല. പകരം, സമാധാനപരമായി സമരം നടത്തിയ സിഎഎ വിരുദ്ധ പ്രക്ഷോഭകരെയാണ് വേട്ടയാടിയത്. സിഎഎ വിരുദ്ധ സമരക്കാര്‍ ഗൂഢാലോചന നടത്തിയാണ് കലാപം സൃഷ്ടിച്ചതെന്ന് വരുത്തിത്തീര്‍ക്കാനാണ് പോലിസ് ശ്രമം.

Tags:    

Similar News