തലശ്ശേരിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി

ഇന്ന് കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്തി നസീര്‍ പരസ്യമായി ബിജെപി പിന്തുണ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചത്. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിന്റെ പത്രിക തള്ളിയത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു.

Update: 2021-03-29 12:15 GMT

കണ്ണൂര്‍: ഒടുവില്‍ തലശ്ശേരിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് പിന്തുണ നല്‍കാന്‍ ബിജെപി തീരുമാനിച്ചു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ബിജെപി സംസ്ഥാന നേതൃത്വം തീരുമാനം പ്രഖ്യാപിച്ചത്. ഇന്ന് കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്തി നസീര്‍ പരസ്യമായി ബിജെപി പിന്തുണ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചത്. മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസിന്റെ പത്രിക തള്ളിയത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു. പത്രികയിലെ ഫോം എയില്‍ ദേശീയ പ്രസിഡന്റിന്റെ ഒപ്പില്ലാഞ്ഞതിനാലാണ് പത്രിക തള്ളിയത്. ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും ഇതേ പിഴവ് കാരണം സ്വീകരിച്ചിരുന്നില്ല.

പത്രിക തള്ളിയ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ലഭിച്ചില്ല. ഇതോടെയാണ് മണ്ഡലത്തിലെ വോട്ടര്‍മാരോട് ആരെ പിന്തുണയ്ക്കാന്‍ നിര്‍ദ്ദേശിക്കുമെന്ന പ്രതിസന്ധിയില്‍ പാര്‍ട്ടിയെത്തിയത്. നസീര്‍ അല്ലാതെ പ്രമുഖ സ്വതന്ത്ര സ്ഥാനാര്‍ഥികളൊന്നും മണ്ഡലത്തില്‍ മല്‍സര രംഗത്തുണ്ടായിരുന്നില്ല. ഒരുഘട്ടത്തില്‍ മനസ്സാക്ഷി വോട്ടിന് ആഹ്വാനം ചെയ്യാന്‍ പാര്‍ട്ടി ആലോചിച്ചെങ്കിലും ഒത്തുകളി ആരോപിച്ച് എല്‍ഡിഎഫും യുഡിഎഫും വന്നതോടെ പിന്‍മാറി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നസീറും ബിജെപി നേതൃത്വവും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

വടക്കന്‍ മലബാറില്‍ ബിജെപിക്ക് കാര്യമായ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ ഒന്നാണ് തലശ്ശേരി. ഇവിടെ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത് ബിജെപിക്ക് കനത്ത വെല്ലുവിളിയായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണത്തിന് എത്താനിരുന്ന മണ്ഡലമായിരുന്നു തലശ്ശേരി. പത്രിക തള്ളിയതോടെ തലശ്ശേരിയിലെ പരിപാടി അമിത് ഷാ റദ്ദാക്കുകയായിരുന്നു. എ എന്‍ ഷംസീറാണ് മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥി.

കോണ്‍ഗ്രസിലെ എം പി അരവിന്ദാക്ഷനാണ് യുഡിഎഫിനായി ജനവിധി തേടുന്നത്. അതിനിടെ, തലശ്ശേരിയില്‍ ഷംസീറിനെ തോല്‍പ്പിക്കണമെന്ന ബിജെപി എംപിയും തൃശൂരിലെ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപിയുടെ പ്രസ്താവനയും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. സുരേഷ്‌ഗോപിയുടെ പ്രസ്താവനയോടെ കോണ്‍ഗ്രസ്- ബിജെപി രഹസ്യബന്ധം ഓരോ ദിവസം ചെല്ലും തോറും മറനീക്കി പുറത്തുവരികയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. തലശ്ശേരിയില്‍ യുഡിഎഫ് ജയിക്കണമെന്നാണ് ബിജെപിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ ആരോപണങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ് ബിജെപി നസീറിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

Tags:    

Similar News