ഇരിക്കൂര്‍ കോണ്‍ഗ്രസില്‍ എ ഗ്രൂപ്പ് പ്രതിഷേധം; ഓഫിസുകള്‍ പൂട്ടി കരിങ്കൊടി കെട്ടി
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിന്റെ പ്രതിഷേധം. നിലവിലുള്ള എംഎല്‍എ കെ സി ജോസഫ് മല്‍സരിക്കില്ലെന്നുറപ്പായതോടെ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരേയാണ് എ ഗ്രൂപ്പുകാരുടെ പ്രതിഷേധം. ആലക്കോട്, ശ്രീകണ്ഠാപുരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസുകള്‍ പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി. ഓഫിസുകള്‍ക്ക് മുന്നില്‍ കരിങ്കൊടി കെട്ടുകയും ചെയ്തു. ഓഫിസുകളിലും പ്രദേശത്തും സജീവ് ജോസഫിനെതിരേ വ്യാപകമായി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
കാലങ്ങളായി കോണ്‍ഗ്രസ് ജയിക്കുന്ന മണ്ഡലത്തില്‍ എ ഗ്രൂപ്പുകാരനായ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യനെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ കെ സി വേണുഗോപാലിന്റെ വിശ്വസ്തനായ സജീവ് ജോസഫിനെ സ്ഥാനാര്‍ഥിയാക്കാന്‍ സ്‌ക്രീനിംഗ് കമ്മറ്റി യോഗത്തില്‍ നീക്കമുണ്ടായതായി വിവരം പുറത്തായതോടെയാണ് പരസ്യ പ്രതിഷേധം ഉയര്‍ന്നത്. സജീവ് ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിമതനെ നിര്‍ത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. നാളെ വൈകീട്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത്.
Kerala assembly election 2021: clash in Irikkur Congress