പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; എ രാമസ്വാമി കോണ്‍ഗ്രസ് വിട്ടു, എല്‍ഡിഎഫിനെ പിന്തുണയ്ക്കും
വാര്‍ത്താസമ്മേളനം വിളിച്ചാണ് പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. കെപിസിസി നിര്‍വാഹക സമിതി അംഗവും യുഡിഎഫ് മുന്‍ ജില്ലാ ചെയര്‍മാനുമാണ് എ രാമസ്വാമി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാനാണ് തീരുമാനമെന്ന് രാമസ്വാമി അറിയിച്ചു.
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ രാമസ്വാമി കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചു. വാര്‍ത്താസമ്മേളനം വിളിച്ചാണ് പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. കെപിസിസി നിര്‍വാഹക സമിതി അംഗവും യുഡിഎഫ് മുന്‍ ജില്ലാ ചെയര്‍മാനുമാണ് എ രാമസ്വാമി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാനാണ് തീരുമാനമെന്ന് രാമസ്വാമി അറിയിച്ചു. പാര്‍ട്ടി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന രാമസ്വാമിയെ നേതൃത്വം ഇടപ്പെട്ട് അനുയയിപ്പിച്ചിരുന്നു.
വിമതസ്വരം ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ രാമസ്വാമിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന്‍ എംപി തുടങ്ങിയ നേതാക്കളും അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഇതെത്തുടര്‍ന്ന് അദ്ദേഹം ചില പ്രചാരണ പരിപാടികളില്‍ പങ്കെടുത്തു. ഇതിനിടെയാണ് അപ്രതീക്ഷിതമായി പാര്‍ട്ടി വിടുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. നെന്‍മാറ സീറ്റ് സിഎംപിക്ക് വിട്ടു നല്‍കിയതാണ് പ്രതിഷേധത്തിനുള്ള പ്രധാന കാരണം.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. 1965 മുതല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. 1992 മുതല്‍ കെപിസിസി അംഗവും നിര്‍വാഹക സമിതി അംഗവുമായും പ്രവര്‍ത്തിച്ചിരുന്നു. പലപ്പോഴും പാര്‍ട്ടിയില്‍നിന്ന് ക്രൂരമായ അവഗണന നേരിട്ടിട്ടും അതെല്ലാം സഹിച്ച് പാര്‍ട്ടിയില്‍ തുടരുകയായിരുന്നു. 55 വര്‍ഷം പണിയെടുത്തിട്ടും തനിക്ക് ഒരിക്കലും നീതി ലഭിച്ചില്ല. ഇത്തവണ പാര്‍ട്ടി പുനസ്സംഘടന നടത്തിയപ്പോഴും തന്നെ അവഗണിച്ചു.
പാലക്കാടാണ് തന്റെ പ്രവര്‍ത്തന മണ്ഡലം. 10 വര്‍ഷം മുമ്പ് ഷാഫി ഇവിടെ വരുമ്പോള്‍ പ്രവര്‍ത്തിക്കാന്‍ താന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഷാഫി മാറുന്നില്ലെങ്കില്‍ നെന്‍മാറയില്‍ പരിഗണിക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും അതുണ്ടായില്ല. അടിസ്ഥാന തൊഴിലാളികളായ ചുമട്ടുതൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍ എന്നിവരെ പാര്‍ട്ടിയില്‍ അണിനിരത്തുന്നതിനും താന്‍ ഏറെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.