ബിജെപി പൊട്ടിത്തെറിയിലേക്ക്; ശോഭയ്ക്കു പിന്നാലെ കെ സുരേന്ദ്രനെതിരേ മുന്‍ വൈസ് പ്രസിഡന്റ്

Update: 2020-11-02 09:37 GMT

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സംസ്ഥാന ബിജെപിയില്‍ നേതൃപദവിയെ ചൊല്ലിയുള്ള പോര് പൊട്ടിത്തെറിയിലേക്ക്. പാര്‍ട്ടിയുടെ സംസ്ഥാന-ദേശീയ പുനസംഘടനയിലുണ്ടായ അതൃപ്തി കാരണം മാറിനില്‍ക്കുകയും നേതൃത്വത്തിനെതിരേ പരസ്യ നിലപാടെടുക്കുകയും ചെയ്ത സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനു പിന്നാലെ മറ്റൊരു മുതിര്‍ന്ന നേതാവ് കൂടി രംഗത്തെത്തി. മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി എം വേലായുധനാണ് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരേ പരസ്യപ്രതികരണവുമായെത്തിയത്. കെ സുരേന്ദ്രനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച പി എം വേലായുധന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിങ്ങിപ്പൊട്ടി. തന്നെപ്പോലെ ഒട്ടേറെ പേര്‍ വീടുകളില്‍ ഇരിക്കുകയാണെന്നും വിഷമം പറയാന്‍ സംസ്ഥാന അധ്യക്ഷനെ നിരവധി തവണ വിളിച്ചെങ്കിലും

    ഈ നിമിഷം വരെ തിരിച്ച് വിളിച്ചിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. മക്കള്‍ വളര്‍ന്ന് ശേഷിയിലേക്ക് വരുമ്പോള്‍ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ ഇട്ടതു പോലെയാണിതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേന്ദ്രനു വേണ്ടിയാണ് ഞാന്‍ വോട്ട് ചെയ്തത്. അടിയന്തരാവസ്ഥ കാലത്ത് തല്ലുകൊണ്ട് രണ്ടുതവണ ജയിലില്‍ കിടന്നിരുന്നു. ഒരു ആശയത്തിന് വേണ്ടി ഉറച്ചുനിന്നയാളാണ്. ഇന്ന് തനിക്ക് ഏറെ വേദനയുണ്ടെന്നു പറഞ്ഞാണ് പി എം വേലായുധന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിതുമ്പിയത്.

    സംസ്ഥാന-ദേശീയ പുനസംഘടനയ്ക്കു ശേഷം കെ സുരേന്ദ്രനെ അധ്യക്ഷനാക്കിയതിനെതിരേ ബിജെപിയില്‍ ഗ്രൂപ്പുപോര് ശക്തമായിരുന്നു. വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനാവട്ടെ പൊതുപരിപാടികളിലൊന്നും പങ്കെടുക്കാതെ പ്രതിഷേധം അറിയിക്കുകയാണ്. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് അധ്യക്ഷന്‍ ശ്രമിക്കുന്നതെന്ന് ആരോപിക്കുന്ന ശോഭാ സുരേന്ദ്രന്‍ ഇതുസംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് പരാതിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വാളയാര്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള സമരപ്പന്തലിലെത്തിയെങ്കിലും പാര്‍ട്ടി പ്രതിനിധിയായിട്ടല്ലെന്നു പൊതുപ്രവര്‍ത്തകയായതിനാലാണ് എന്നുമായിരുന്നു മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനു പിന്നാലെ പാലക്കാട്ട് മൂന്നു നേതാക്കള്‍ പാര്‍ട്ടി വിടുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തിനെതിരേ പരസ്യപ്രതികരണം നടത്തിയ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വിടുന്നതായും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണമുണ്ടായിരുന്നു. ഇതിനിടെയാണ് നേതൃത്വത്തിലുള്ള ഒരു മുതിര്‍ന്ന നേതാവ് കൂടി കെ സുരേന്ദ്രനെതിരേ രംഗത്തെത്തിയത് എന്നത് ബിജെപിയിലെ പൊട്ടിത്തെറിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

Kerala BJP: Former Vice President against K Surendran after Shobha




Tags:    

Similar News