മുഖ്യമന്ത്രി പിണറായി വിജയനെതിരേ ജാതി അധിക്ഷേപം നടത്തി ബിജെപി പ്രവർത്തകൻ
മുഖ്യമന്ത്രിയുടെ ജാതി പറഞ്ഞുകൊണ്ടായിരുന്നു സംഘപരിവാർ പ്രവർത്തകനായ നിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് ശരിയല്ലെന്ന് പറഞ്ഞ് കമന്റ് ചെയ്ത പെൺകുട്ടികൾ അടക്കമുള്ളവർക്കെതിരേയും ഇയാൾ അസഭ്യമായ ഭാഷയിൽ സംസാരിച്ചു.
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ജാതി അധിക്ഷേപം നടത്തി ബിജെപി പ്രവർത്തകൻ. പള്ളുരുത്തി സ്വദേശി നിബു രാജ് ആണ് സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരേ ജാതി അധിക്ഷേപം നടത്തിയത്. ഇയാൾക്കെതിരെ സൈബർ സെല്ലിൽ അരൂർ സ്വദേശി കെ ബി ബിബിൻ പരാതി നൽകിയിട്ടുണ്ട്.
തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുഖ്യമന്ത്രിയുടെ ഫോട്ടോ സഹിതം ഉപയോഗിച്ച് ജാതി പറഞ്ഞുകൊണ്ടായിരുന്നു സംഘപരിവാർ പ്രവർത്തകനായ നിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് ശരിയല്ലെന്ന് പറഞ്ഞ് കമന്റ് ചെയ്ത പെൺകുട്ടികൾ അടക്കമുള്ളവർക്കെതിരേയും ഇയാൾ അസഭ്യമായ ഭാഷയിൽ സംസാരിച്ചു. നേരത്തെ ശബരിമല വിഷയത്തിന്റെ മറവിലുള്ള കലാപശ്രമത്തിന്റെ സമയത്തും മുഖ്യമന്ത്രി പിണറായി വിജയനെതിരേ ബിജെപി പ്രവർത്തകർ ഇത്തരത്തിൽ ജാതി അധിക്ഷേപം നടത്തിയിരുന്നു.
മഹാരാജാസ് കോളേജിൽ കെഎസ്യു നേതാവും തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുമായിരുന്ന ആളാണ് നിബുരാജ്. കെഎസ്യു പ്രവർത്തകൻ ആയിരിക്കുമ്പോൾ തന്നെ ബിജെപിയിൽ പ്രവർത്തിക്കുന്നതായി നിബുരാജിൻറെ സമൂഹ മാധ്യമ അക്കൗണ്ട് സാക്ഷ്യപെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത ഒരു പരിപാടിയുടെ വീഡിയോ ദൃശ്യം പങ്കുവച്ച് കൊണ്ടാണ് ജാതീയമായി അധിക്ഷേപിച്ചത്.