കെ സുരേന്ദ്രൻ സ്ഥാനമേറ്റതിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി

ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ എംടി രമേശിനെ നിലനിര്‍ത്തിയതൊഴിച്ചാല്‍ ബാക്കിയുള്ളവരെല്ലാം മുരളീധര പക്ഷത്തുള്ളവരാണ്.

Update: 2020-03-05 18:32 GMT

തിരുവനന്തപുരം: ബിജെപി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. വക്താവായി നിയമിച്ച എംഎസ് കുമാര്‍ സ്ഥാനമേറ്റെടുക്കാനാവില്ലെന്ന് കാണിച്ച് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന് കത്തയച്ചു. ഈ കത്ത് തന്റെ രാജിയായി കണക്കാക്കണമെന്നും എംഎസ് കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അഡ്വ. നാരായണന്‍ നമ്പൂതിരി, ബി ഗോപാലകൃഷ്ണന്‍, ജി സന്ദീപ് വാര്യര്‍ എന്നിവരും എംഎസ് കുമാറിനൊപ്പം വക്താക്കളുടെ പട്ടികയിലുണ്ട്. ഭാരവാഹി പട്ടികയില്‍ പികെ കൃഷ്ണദാസ് പക്ഷത്തെ മുതിര്‍ന്ന നേതാക്കളെ അവഗണിച്ചുവെന്ന ആരോപണത്തിനിടെയാണ് സ്ഥാനം ഏറ്റെടുക്കാനാവില്ലെന്ന് അറിയിച്ച് എംഎസ് കുമാര്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

കൃഷ്ണദാസ് പക്ഷത്തെ പ്രമുഖ നേതാക്കളായ എഎന്‍ രാധാകൃഷ്ണനേയും ശോഭാ സുരേന്ദ്രനേയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി വൈസ് പ്രസിഡന്റ് സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. അടുത്തിടെ ബിജെപിയിലേക്ക് വന്ന അബ്ദുള്ള കുട്ടിക്കും ജി രാമന്‍ നായര്‍ക്കുമൊപ്പം 10 വൈസ് പ്രസിഡന്റുമാരിലാണ് ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

കൂടാതെ ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ എംടി രമേശിനെ നിലനിര്‍ത്തിയതൊഴിച്ചാല്‍ ബാക്കിയുള്ളവരെല്ലാം മുരളീധര പക്ഷത്തുള്ളവരാണ്. കെ സുരേന്ദ്രന്റെ കീഴില്‍ ഭാരാവഹിത്വം ഏറ്റെടുക്കില്ലെന്ന് ശോഭാ സുരേന്ദ്രനും എഎന്‍ രാധാകൃഷ്ണനും നേരത്തെ അറിയിച്ചിരുന്നു. പുതിയ ഭാരവാഹി പട്ടികയില്‍ ഇവരെ ഉള്‍പ്പെടുത്തിയെങ്കിലും പ്രതികരണം നടത്തിയിട്ടില്ല. കെ സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് ഇരുവരും വിട്ടുനിന്നിരുന്നു.

യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കും കെ സുരേന്ദ്രന്റെ അടുത്ത അനുയായി ആയ ആര്‍ പ്രഫുല്‍ കൃഷ്ണനെയാണ് നിയമിച്ചിരിക്കുന്നത്. ഭാരവാഹി പട്ടികയിലുടനീളം വ്യക്തമായ ആധിപത്യം മുരളീധര പക്ഷത്തിന് നേടാനായിട്ടുണ്ട്. മുതിര്‍ന്ന നേതാവായ ബി ഗോപാലകൃഷ്ണന് ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അവഗണിക്കുകയാണുണ്ടായത്.

Tags:    

Similar News