ലോകത്തിലെ മികച്ച സ്റ്റാർട്ട്അപ്പ് കേന്ദ്രമായി മാറാൻ കേരളത്തിനാവും: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: രാജ്യത്ത് സ്റ്റാർട്ടപ്പുകൾക്ക് മികച്ച സ്ഥലമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ നോളജ് എക്കോണമിയായി ഉയർത്തുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. കേരളത്തിൽ സ്റ്റാർട്ടപ്പുകളിലൂടെ ഓരോ മേഖലയിലും വികസനം ഉണ്ടാകുന്നുണ്ട്. ഏതൊരാൾക്കും കേരളത്തിലെത്തി സ്റ്റാർട്ട് ആപ്പ് ആരംഭിക്കാനാവുന്ന നിലയാണ്. ലോകത്തിലെ തന്നെ മികച്ച സ്റ്റാർട്ട് അപ്പ് കേന്ദ്രമായി കേരളത്തെ മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും മാനവ വിഭവശേഷിയിലും കേരളം മുന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ കേരളത്തെ നോളജ് എക്കോണമിയാക്കാനാണ് ശ്രമം. അതിനുള്ള എല്ലാ ശേഷിയും സംസ്ഥാനത്തുണ്ട്. സംസ്ഥാനത്തിനുതകുന്ന ഐടി, ഫാർമസ്യൂട്ടികൽസ്, ഫുഡ് പ്രൊസസിങ് പോലുള്ള വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. കേരള സ്റ്റാർട്ടപ് മിഷന്റെ കോൺക്ലേവ് ഹഡിൾ ഗ്ലോബലിന്റെ നാലാം എഡിഷന് തിരുവനന്തപുരത്ത് തുടക്കം കുറിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി യുവ സംരംഭകരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
വ്യവസായ വാണിജ്യരംഗത്തെ ന്യൂതന ആശയങ്ങൾ, പരീക്ഷണങ്ങൾ, സ്വയം പരിചയപ്പെടുത്തുന്ന യുവ സംരംഭകർ, മികച്ച സാധ്യതകളെ കണ്ടെത്താനും കൈപിടിച്ച് ഏറ്റെടുക്കാനും നിക്ഷേപകർ അങ്ങനെ കേരളത്തിലെ സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് കുതിപ്പ് നൽകാൻ ഈ കോൺക്ലേവ് സഹായിക്കും. രണ്ട് ദിവസം നീളുന്നതാണ് ഹഡിൾ ഗ്ലോബൽ സമ്മേളനം. റോക്കറ്റ് വിക്ഷേണത്തിന് അനുമതി കിട്ടിയ അഗ്നികുൽ കോസ്മോസ്, പേഴ്സിനും എടിഎം കാർഡുകൾക്കും പകരം പണം കൈമാറ്റത്തിന് സഹായിക്കുന്ന മോതിരവുമായെത്തിയ എയ്സ്മണി തുടങ്ങി ചക്കപ്രേമികളുടെ വാട്സാപ്പ് കൂട്ടായ്മയിൽ നിന്ന് വളർന്ന് കമ്പനിയായ ചക്കക്കൂട്ടം വരെ കോൺക്ലേവിലുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള സ്റ്റാർട്ടപ്പിനുള്ള പ്രൈഡ് ഓഫ് കേരള പുരസ്കാരം ജെൻ റോബോർടിക്സിന് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി.