മാണിയുടെ പിന്‍ഗാമി ആരാവും; മകനും മരുമകളും പാര്‍ട്ടി കൈയടക്കുമോ?

എന്നാല്‍, നിര്‍ണായക തീരുമാനത്തിന് തിരഞ്ഞെടുപ്പ് കഴിയും വരും കാത്തിരിക്കേണ്ടി വരുമെന്നാണു സൂചന. അതുവരെ പാര്‍ട്ടിയുടെ ചുമതലകള്‍ വര്‍ക്കിങ് ചെയര്‍മാനും ഡപ്യൂട്ടി ചെയര്‍മാനും വഹിക്കും.

Update: 2019-04-13 04:06 GMT

കോട്ടയം: മാണിക്കു ശേഷം കേരളകോണ്‍ഗ്രസിനെ ആര് നയിക്കുമെന്ന ചര്‍ച്ച സജീവമാകുന്നു. നാഥനില്ലാത്ത അവസ്ഥയിലായ കേരള കോണ്‍ഗ്രസ്സിനെ പിളര്‍ത്താനും കൂടെ നിര്‍ത്താനും അണിയറയില്‍ നീക്കങ്ങള്‍ ശക്തം. എന്നാല്‍, നിര്‍ണായക തീരുമാനത്തിന് തിരഞ്ഞെടുപ്പ് കഴിയും വരും കാത്തിരിക്കേണ്ടി വരുമെന്നാണു സൂചന. അതുവരെ പാര്‍ട്ടിയുടെ ചുമതലകള്‍ വര്‍ക്കിങ് ചെയര്‍മാനും ഡപ്യൂട്ടി ചെയര്‍മാനും വഹിക്കും. കെ എം മാണിയുടെ നിര്യാണത്തോടെ മൂന്ന് കാര്യങ്ങളിലാണ് തീരുമാനമെടുക്കാനുള്ളത്. ചെയര്‍മാന്‍, നിയമസഭാകക്ഷിനേതൃസ്ഥാനം, പാലായില്‍ ആര് സ്ഥാനാര്‍ത്ഥിയാവും.

പി ജെ ജോസഫാണ് പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാന്‍. ചെയര്‍മാനില്ലാത്ത സമയത്ത് വര്‍ക്കിങ് ചെയര്‍മാനാണ് അധ്യക്ഷന്‍. സി എഫ് തോമസ് ഡപ്യൂട്ടി ചെയര്‍മാനും ജോസ് കെ മാണി വൈസ് ചെയര്‍മാനുമാണ്. തിരഞ്ഞെടുപ്പിന് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ശേഷിക്കുന്നതിനാല്‍ ഈ ഘടനയില്‍ ഒരു മാറ്റം ഇപ്പോള്‍ വേണ്ടെന്നാണ് നേതാക്കള്‍ക്കിടയിലെ ധാരണ.

ഇതില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലാ നിയമസഭാ മണ്ഡലത്തില്‍ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. നേരത്തെ കോട്ടയം ലോകസഭ സീറ്റിലേക്ക് മാണിയുടെ ഈ മരുമകളുടെ പേര് സജീവമായിരുന്നെങ്കിലും പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പിനെ തുടര്‍ന്ന് നിഷ തന്നെ പിന്‍മാറുകയായിരുന്നു. പി ജെ ജോസഫ് അവസാന നിമിഷം വരെ കോട്ടയം സീറ്റിനു വേണ്ടി ലക്ഷ്യമിട്ടെങ്കിലും അത് അംഗീകരിക്കാന്‍ മാണി വിഭാഗം തയ്യാറായിരുന്നില്ല. ഒടുവിലാണ് തോമസ് ചാഴിക്കാടന് നറുക്ക് വീണിരുന്നത്. പാലായിലും കോട്ടയത്തും പൊതു രംഗത്ത് സജീവ സാന്നിധ്യമായ നിഷാ ജോസിനെ ഉപതിരഞ്ഞെടുപ്പില്‍ പാലായില്‍ നിന്നു മത്സരിപ്പിക്കണമെന്ന ആഗ്രഹമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുള്ളത്. എന്നാല്‍, നിഷാ ജോസിനെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ജോസഫ് വിഭാഗം പകരം മാണി വഹിച്ചിരുന്ന പാര്‍ട്ടി ചെയര്‍മാന്‍ പദവി ജോസഫിന് നല്‍കണമെന്ന നിലപാടിലാണ്. നിലവില്‍ വര്‍ക്കിങ് ചെയര്‍മാനായ ജോസഫിന് അതിനുള്ള അര്‍ഹത ഉണ്ടെന്നാണ് ഈ വിഭാഗത്തിന്റെ വാദം.

നിലവില്‍ പാര്‍ട്ടി ചെയര്‍മാനും നിയമസഭാകക്ഷി നേതാവും ഒരാളായിരുന്നു. ഇനിയും അങ്ങനെയായിരിക്കുമോ എന്നതാണ് അറിയേണ്ടത്. ചെയര്‍മാന്‍ സ്ഥാനം വേണമെന്ന ആഗ്രഹം പി ജെ ജോസഫിനുണ്ട്. ലോക്‌സഭാ സീറ്റ് ചോദിച്ച് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട ജോസഫിന് സ്റ്റിയറിംഗ് കമ്മിറ്റിയിലെയും ഉന്നതാധികാരസമിതിയിലേയും മാണി ഗ്രൂപ്പിന്റ ഭൂരിപക്ഷം വെല്ലുവിളിയാണ്. ചെയര്‍മാന്‍ സ്ഥാനം ജോസ് കെ മാണിക്ക് നല്‍കി നിയമസഭാ കക്ഷി നേതൃസ്ഥാനം പി ജെ ജോസഫിന് നല്‍കാനുള്ള ഫോര്‍മുല മാണി ഗ്രൂപ്പ് മുന്നോട്ട് വെയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. എതായാലും പരസ്യ അഭിപ്രായപ്രകടനത്തിന് ഇപ്പോള്‍ നേതാക്കള്‍ തയ്യാറല്ല. ജോസ് കെ മാണിയെ അംഗീകരിക്കുന്ന കാര്യത്തില്‍ തര്‍ക്കം രൂക്ഷമായാല്‍ സി എഫ് തോമസിന് വീണ്ടും സാധ്യതയുണ്ട്. മാണിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനാണ് ഇദ്ദേഹം. 

Tags:    

Similar News