മഹാപ്രളയം: കേരളത്തില്‍ ജിഎസ്ടിക്കൊപ്പം ഇനി അധിക സെസും

ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്ക് എത്ര ശതമാനമാണ് സെസ് എന്ന കാര്യം ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കും.

Update: 2019-01-07 06:54 GMT

ന്യൂഡല്‍ഹി: നൂറ്റാണ്ട് കണ്ട മഹാപ്രളത്തിന്റെ പശ്ചാത്തലത്തില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചരക്കു സേവന നികുതി(ജിഎസ്ടി)ക്കൊപ്പം സെസ് കൂടി ചുമത്താന്‍ കേന്ദ്രാനുമതി. സംസ്ഥാനതലത്തില്‍ ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം വരെ സെസ് ചുമത്താനാണ് അനുമതി നല്‍കിയത്. എന്നാല്‍ ദേശീയാടിസ്ഥാനത്തില്‍ സെസ് ഏര്‍പ്പെടുത്തില്ല. എന്നാല്‍, പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് തുക കണ്ടെത്താന്‍ പരിധി ഇളവ് നല്‍കുകയും കൂടുതല്‍ പുറംവായ്പയെടുക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. പ്രളയത്തില്‍ സര്‍വതും തകര്‍ന്ന കേരളത്തിനായി അധിക സെസ് പിരിക്കുന്നതിന്റെ സാധ്യത പഠിക്കാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അധ്യക്ഷനായ ജിഎസ്ടി കൗണ്‍സിലാണ് മന്ത്രിതല ഉപസമിതിയെ ചുമതലപ്പെടുത്തിയത്. ചില സംസ്ഥാനങ്ങള്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഒടുവില്‍ നിയമതടസ്സമില്ലെന്ന് അറ്റോര്‍ണി ജനറല്‍ റിപോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ ശുപാര്‍ശയിന്‍മേലാണ് ഇതിനു അനുമതി നല്‍കിയത്.

    ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്ക് എത്ര ശതമാനമാണ് സെസ് എന്ന കാര്യം ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കും. ഒരു ശതമാനത്തില്‍ കൂടരുതെന്ന് നിബന്ധനയുണ്ട്. ഇതോടെ, പ്രകൃതിക്ഷോഭങ്ങളുണ്ടാവുമ്പോള്‍ ജിഎസ്ടിക്കു പുറമെ സംസ്ഥാനതലത്തില്‍ സെസ് ഈടാക്കാനുള്ള തീരുമാനം കൈക്കൊള്ളാന്‍ കാരണമായ ആദ്യ സംസ്ഥാനമായി കേരളം മാറി. ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് എന്നിവയുടെ സഹായത്തോടെ 7,000 കോടി രൂപയുടെ പ്രളയാനന്തര പുനര്‍നിര്‍മാണ പദ്ധതികള്‍ക്കാണ് കേരളം രൂപം നല്‍കുന്നത്.




Tags:    

Similar News