ഡല്‍ഹിയില്‍ നിന്ന് മലയാളി പെണ്‍കുട്ടിയെ കാണാതായ സംഭവം: ഇസ്‌ലാം മതം സ്വീകരിച്ചതായി പെണ്‍കുട്ടി -'ലൗ ജിഹാദ്' കഥ പൊളിഞ്ഞു
സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ജോര്‍ജ്ജ് കുര്യന്‍ ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കത്തെഴുതുകയും ചെയ്തു. ദേശീയതലത്തില്‍ തന്നെ വലിയ വാര്‍ത്തയായ ലൗ ജിഹാദ് കഥയാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞത്.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മലയാളി പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ 'ലൗ ജിഹാദ്' ആരോപണം നിഷേധിച്ച് പെണ്‍കുട്ടി. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ അബൂദബിയിലേക്ക് പോയതെന്നും ഇസ്‌ലാം സ്വീകരിച്ചതെന്നും രാഷ്ട്രപതി, പ്രധാനമന്ത്രി, അഭ്യന്തര മന്ത്രി, ന്യൂനപക്ഷ കമ്മീഷന്‍, കേരള മുഖ്യമന്ത്രി, ഡിജിപി തുടങ്ങിയവര്‍ക്കു പെണ്‍കുട്ടി കത്തെഴുതി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് അബൂദബിയിലെ ഇന്ത്യന്‍ എംബസി അധികൃതരെയും പെണ്‍കുട്ടി സമീപിച്ചിട്ടുണ്ട്.
ദില്ലി യൂനിവേഴ്‌സിറ്റിയിലെ 19 കാരിയായ ക്രിസ്ത്യന്‍ വിദ്യാര്‍ഥി രണ്ടാഴ്ച മുമ്പാണ് അബുദാബിയിലേക്ക് പോയത്്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയതായി ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. പെണ്‍കുട്ടിയെ വിദേശത്തേക്ക് കടത്താന്‍ ശ്രമം നടക്കുന്നതായും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, വാര്‍ത്തകള്‍ നിഷേധിച്ച പെണ്‍കുട്ടി താന്‍ ഇസ്‌ലാം മതം സ്വീകരിച്ചതായി അറിയിച്ചു.
ആരും എന്നെ നിര്‍ബന്ധിച്ചില്ല. ഞാന്‍ ഇന്ത്യയിലെ മുതിര്‍ന്ന പൗരയാണ്. എനിക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയും. ഐഷ എന്ന പേര് സ്വീകരിച്ച സിയാനി ബെന്നി പറഞ്ഞു.
പെണ്‍കുട്ടി അബൂദബിയിലേക്ക് പോയ സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യനടക്കം ഉന്നതര്‍ ഇടപെട്ടിരുന്നു. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ജോര്‍ജ്ജ് കുര്യന്‍ ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കത്തെഴുതുകയും ചെയ്തു. ദേശീയതലത്തില്‍ തന്നെ വലിയ വാര്‍ത്തയായ ലൗ ജിഹാദ് കഥയാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലോടെ പൊളിഞ്ഞത്.
പെണ്‍കുട്ടി അബുദബിയിലേക്ക് പോയതിനെ തുടര്‍ന്ന് ലൗ ജിഹാദ് ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയെ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് ഇരയാക്കിയെന്ന തരത്തില്‍ മലയാള പത്രങ്ങളിലും റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്നതാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.
തന്നെ ആരും മതപരിവര്‍ത്തനത്തിന് ഇരയാക്കിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അബൂദബിയിലേക്ക് വന്നതെന്നും പെണ്‍കുട്ടി തന്നെ വ്യക്തമാക്കി. പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും പെണ്‍കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥരും. ഇക്കാര്യം വീട്ടുകാരെയും അറിയിച്ചിട്ടുണ്ട്. അബൂദബിയിലെത്തിയ രക്ഷിതാക്കള്‍ പെണ്‍കുട്ടിയുമായി സംസാരിച്ചു. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല അബൂദബിയില്‍ വന്നത്. മറ്റ് രാജ്യങ്ങളിലേക്ക് പോകാനും താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിവാഹത്തിന്റെ ആവശ്യാര്‍ഥമാണ് എംബസിയെ സമീപിച്ചതെന്നും കുട്ടി പറഞ്ഞു. അബൂദബിയില്‍ നിന്നും മറ്റ് രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തന്നെ പിടികൂടുകയായിരുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി.