അഞ്ച് ദിവസം കൂടി മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്‌നാട് തീരത്തിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനമാണ് കേരളത്തിൽ മഴ തുടരാൻ കാരണം.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി. മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
12-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
13-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
14-04-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്‌നാട് തീരത്തിന് മുകളിൽ നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനമാണ് കേരളത്തിൽ മഴ തുടരാൻ കാരണം.
കേരള കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറില്‍ 40-50 കിലോമീറ്ററും, ചില അവസരങ്ങളിൽ 60 കിലോമീറ്ററും വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ, കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഏപ്രിൽ 12 മുതൽ 13 വരെയും കർണാടക തീരത്ത് ഏപ്രിൽ 12 നും മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക് കിഴക്കൻ അറബിക്കടൽ, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ തീരം എന്നിവിടങ്ങളിലും മൽസ്യബന്ധനത്തിന് വിലക്കുണ്ട്. ഇന്ന് അർധരാത്രി വരെ കേരള തീരത്ത് കടൽ പ്രക്ഷുബ്ദ്ധമാകാനും 1.2 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയരത്തിലുള്ള ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.