നൂറ് കടന്ന് മണ്ണെണ്ണ വില; മത്സ്യബന്ധനമേഖല കടുത്ത പ്രതിസന്ധിയില്‍

മെയ് മാസത്തില്‍ 84 രൂപയായിരുന്നു മണ്ണെണ്ണ വിലയാണ് രണ്ട് തവണയായി വര്‍ധിച്ച് 102 രൂപയാക്കിയത്. സബ്‌സിഡിയുള്‍പ്പെടെയുളള കൈത്താങ്ങില്ലെങ്കില്‍ പ്രതിസന്ധിയിലാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

Update: 2022-07-04 03:19 GMT

കോഴിക്കോട്: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടന്നു വരുന്നതിനിടെ മത്സ്യബന്ധനമേഖലയ്ക്ക് കനത്ത തിരിച്ചടിയായി മണ്ണെണ്ണ വിലക്കയറ്റം. മെയ് മാസത്തില്‍ 84 രൂപയായിരുന്നു മണ്ണെണ്ണ വിലയാണ് രണ്ട് തവണയായി വര്‍ധിച്ച് 102 രൂപയാക്കിയത്. സബ്‌സിഡിയുള്‍പ്പെടെയുളള കൈത്താങ്ങില്ലെങ്കില്‍ പ്രതിസന്ധിയിലാകുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ട്രോളിങ് കാലം പൊതുവെ കടലോരത്ത് വറുതിക്കാലമാണെങ്കിലും ഇതുവരെയുണ്ടാകാത്ത പ്രതിസന്ധിയാണ് മണ്ണെണ്ണയുടെ രൂക്ഷമായ വിലവര്‍ധനവിവൂടെ ഇക്കുറി നേരിടേണ്ടിവന്നിരിക്കുന്നത്.

പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖല ഏറെക്കുറെ സ്തംഭിച്ചിരിക്കുകയാണ്.മീന്‍ പിടുത്തമാണ് ഏക ഉപജീവനമാര്‍ഗമെങ്കിലും പലരുമിപ്പോള്‍ കടലിലിറങ്ങിയിട്ട് മാസങ്ങളായി. തീവിലയ്ക്ക് മണ്ണെണ്ണ വാങ്ങി വേണം വള്ളം കടലിലിറക്കാന്‍. ഒരു മാസം ഒരു വള്ളത്തിന് ശരാശരി ആയിരം ലിറ്റര്‍ എങ്കിലും മണ്ണെണ്ണ വേണം. വന്‍ തുകയുടെ ഇന്ധനവുമായി കടലിലിറങ്ങിയാലും വേണ്ടത്ര വരുമാനമില്ലാത്തത്

പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുകയാണ്. ഓഖി ദുരന്തത്തെത്തുടര്‍ന്നു കടലിന്റെ അവസ്ഥയിലുണ്ടായ മാറ്റം മത്സ്യലഭ്യതയില്‍ വന്‍ കുറവാണ് വരുത്തിയിട്ടുള്ളത്.

ട്രോളിംഗ് നിരോധനം കഴിഞ്ഞാലും വിലക്കയറ്റത്തില്‍ വലഞ്ഞ് പകുതി ബോട്ടുകള്‍ മാത്രമേ ഇനി കടലിറക്കാനാകൂ എന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. കരിഞ്ചന്തയില്‍ നിന്ന് മണ്ണെണ്ണ വാങ്ങി മുന്നോട്ട് പോകാനാകില്ലെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നുണ്ട്. ഇന്ധനം വാങ്ങിയ ഇനത്തില്‍ സിവില്‍ സപ്ലൈസും മത്സ്യഫെഡും നല്‍കേണ്ട സബ്‌സിഡിയുടെ കുടിശ്ശിക ഇനിയും നല്‍കിയിട്ടില്ല.

മണ്ണെണ്ണയുടെ സബ്‌സിഡി കുടിശിക എന്ന് കിട്ടുമെന്ന് കാത്തിരിക്കുന്നതിനിടെയാണ് ഒരു ട്രോളിങ് നിരോധനകാലം കൂടി വറുതിയേകി കടന്ന് പോകുന്നത്. അതിനിടയിലാണ് ഇരുട്ടടിയായി മണ്ണെണ്ണ യുടെ വിലക്കയറ്റവും. ജീവിതം കരക്കടുപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ പ്രതീക്ഷിക്കുന്നുണ്ട് തീരദേശ ജനത.

Tags:    

Similar News