കെവിന്‍ കൊലക്കേസില്‍ വിചാരണ തുടങ്ങി; ഏഴ് പ്രതികളെ മുഖ്യസാക്ഷി തിരിച്ചറിഞ്ഞു
കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ മുഖ്യസാക്ഷിയും കെവിന്റെ സുഹൃത്തുമായ അനീഷ് സെബാസ്റ്റ്യന്റെ വിസ്താരമാണ് ആദ്യദിനം നടന്നത്. കേസിലെ ഏഴ് പ്രതികളെ അനീഷ് തിരിച്ചറിഞ്ഞു. മുഖ്യപ്രതി ഷാനു ചാക്കോ ഉള്‍പ്പടെയുള്ളവരെയാണ് തിരിച്ചറിഞ്ഞത്.
കോട്ടയം: നട്ടാശ്ശേരി പ്ലാത്തറയില്‍ കെവിന്‍ പി ജോസഫ് (24) കൊല്ലപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിലെ മുഖ്യസാക്ഷിയും കെവിന്റെ സുഹൃത്തുമായ അനീഷ് സെബാസ്റ്റ്യന്റെ വിസ്താരമാണ് ആദ്യദിനം നടന്നത്. കേസിലെ ഏഴ് പ്രതികളെ അനീഷ് തിരിച്ചറിഞ്ഞു. മുഖ്യപ്രതി ഷാനു ചാക്കോ ഉള്‍പ്പടെയുള്ളവരെയാണ് തിരിച്ചറിഞ്ഞത്. എന്നാല്‍, അഞ്ചാംപ്രതിയും കെവിന്റെ ഭാര്യ നീനുവിന്റെ പിതാവുമായ ചാക്കോ ഉള്‍പ്പടെ മൂന്നുപേരെ അനീഷ് തിരിച്ചറിഞ്ഞില്ല.
പ്രതികളെല്ലാം ഒരുപോലെ വെള്ളവസ്ത്രം ധരിച്ചാണ് വിചാരണയ്‌ക്കെത്തിയത്. പ്രതികള്‍ രൂപമാറ്റം വരുത്തിയതിനാല്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് അനീഷ് കോടതിയില്‍ മൊഴി നല്‍കി. കെവിന്‍ കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. 2018 മെയ് 27ന് പുലര്‍ച്ചെ അനീഷിന്റെ വീടാക്രമിച്ചാണ് ഭാര്യവീട്ടുകാരുള്‍പ്പെടുന്ന സംഘം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയത്. കൊല്ലം ജില്ലയിലെ തെന്‍മലയില്‍ ഇരുവരെയുമെത്തിച്ച് മര്‍ദനത്തിനിരയാക്കി. തുടര്‍ന്ന് അനീഷിനെ പ്രതികള്‍ തിരികെ കോട്ടയത്ത് ഇറക്കിവിട്ടു. എന്നാല്‍, അടുത്തദിവസം രാവിലെ 11ന് കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു.
ദലിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിന്‍ കൊല്ലം സ്വദേശിയായ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കാരണമായിരുന്നു കൊലപാതകമെന്നാണ് കുറ്റപത്രം. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ, പിതാവ് ചാക്കോ ഉള്‍പ്പടെ 14 പേരാണ് കേസിലെ പ്രതികള്‍. കൊലക്കുറ്റം ഉള്‍പ്പടെ 10 വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. ഒന്നാംപ്രതി ഷാനു ചാക്കോ ഉള്‍പ്പടെ ഏഴ് പ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്. 85 ദിവസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയാണ് പോലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജൂണ്‍ ആറുവരെ തുടര്‍ച്ചയായി വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം. 186 സാക്ഷികളെ വിസ്തരിക്കേണ്ടതിനാല്‍ കോടതിയുടെ മധ്യവേനല്‍ അവധി ഒഴിവാക്കിയാണ് വിചാരണ നടത്തുന്നത്. ഇതിനു ഹൈക്കോടതി പ്രത്യേകാനുമതിയും നല്‍കിയിട്ടുണ്ട്.