ഖാര്‍ഗോണിലെ ഹിന്ദുത്വരുടെ അഴിഞ്ഞാട്ടം; ഏറ്റുമുട്ടല്‍ ആരംഭിച്ചത് ഹിന്ദുത്വരും പോലിസും തമ്മില്‍; അറസ്റ്റിനും വീടുതകര്‍ക്കലിനും ഇരകളായത് മുസ്‌ലിംകള്‍
സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ 95 പേരെയാണ് പോലിസ് ഇവിടെനിന്നു അറസ്റ്റ് ചെയ്തത്. ഇതില്‍ ബഹുഭൂരിപക്ഷവും ഇരകളാക്കപ്പെട്ട മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവരാണ് എന്നത് അക്രമം അഴിച്ചുവിട്ട ഹിന്ദുത്വ ഭീകരര്‍ക്ക് ഭരണകൂടവും പോലിസും നല്‍കുന്ന പ്രത്യക്ഷ പിന്തുണയുടെ ജീവിക്കുന്ന തെളിവുകളാണ്.
ഭോപ്പാല്‍/ന്യൂഡല്‍ഹി: രാമനവമി ദിനത്തിലെ ആഘോഷങ്ങളുടെ മറവില്‍ സംഘപരിവാരം മുസ്‌ലിംകള്‍ക്കെതിരേ അഴിഞ്ഞാടിയ മധ്യപ്രദേശിലെ ഖര്‍ഗോണ്‍ പട്ടണം ഇപ്പോള്‍ ഏറെക്കുറെ ശാന്തമാണ്. സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ 95 പേരെയാണ് പോലിസ് ഇവിടെനിന്നു അറസ്റ്റ് ചെയ്തത്. ഇതില്‍ ബഹുഭൂരിപക്ഷവും ഇരകളാക്കപ്പെട്ട മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവരാണ് എന്നത് അക്രമം അഴിച്ചുവിട്ട ഹിന്ദുത്വ ഭീകരര്‍ക്ക് ഭരണകൂടവും പോലിസും നല്‍കുന്ന പ്രത്യക്ഷ പിന്തുണയുടെ ജീവിക്കുന്ന തെളിവുകളാണ്. മേഖലയില്‍ ഇപ്പോഴും കര്‍ഫ്യൂ ഉണ്ട്.
രാമനവമി ഘോഷയാത്ര തലാബ് ചൗക്കിലെ പള്ളിക്ക് മുമ്പിലെത്തുകയും തുടര്‍ന്ന് അത്യധികം പ്രകോപനം സൃഷ്ടിച്ച് ഡിജെയില്‍ പ്രകോപനപരമായ സംഗീതം ഉച്ചത്തില്‍ മുഴക്കുകയുമായിരുന്നു. നാട്ടുകാരില്‍ ചിലര്‍ എതിര്‍ത്തതോടെയാണ് മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പോലെ ഹിന്ദുത്വര്‍ അതിക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ ഖാര്‍ഗോണ്‍ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെ ഒരു ഡസനിലധികം ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. പത്തോളം വീടുകളും ആരാധനാലയങ്ങളും കത്തിനശിച്ചു.
എന്താണ് യഥാര്‍ത്ഥത്തില്‍ അക്രമത്തിലേക്ക് നയിച്ചത്
രാമനവമി റാലി വൈകീട്ട് 5.15 ഓടെ തലാബ് ചൗക്കില്‍ എത്തിയതായി ദൃക്‌സാക്ഷികള്‍ ഓര്‍ക്കുന്നു. കവലയില്‍ ഒരു പോലിസ് പോസ്റ്റും പോസ്റ്റിന് തൊട്ടുമുന്നില്‍ ഒരു മസ്ജിദും ഉണ്ട്.
'രാമനവമി ഘോഷയാത്രയുടെ ഭാഗമാവാന്‍ നിരവധി നിശ്ചല ദൃശ്യങ്ങള്‍ ഈ കവലയില്‍ നേരത്തേ തന്നെ ഒരുക്കി നിര്‍ത്തിയിരുന്നു. ഉച്ചയോടെ, ഏതാണ്ട് 12,000-15,000 ആളുകള്‍ അണിനിരന്ന ഘോഷയാത്ര ഇവിടെ എത്തിയതോടെ കാത്തുനിന്ന മുഴുവന്‍ നിശ്ചല ദൃശ്യങ്ങളും ഇതിന്റെ ഭാഗമായി. പിന്നാലെ പള്ളിക്കു മുമ്പിലെത്തി ഉച്ചത്തിലുള്ള ഗാനങ്ങള്‍ വച്ച് ഹിന്ദുത്വര്‍ കടുത്ത പ്രകോപനം സൃഷ്ടിക്കുന്നത് മണിക്കൂറുകളോളം തുടര്‍ന്നതായി ഒരു പ്രദേശവാസി പറഞ്ഞു. പ്രധാന ടാബ്ലോ എത്തിയിട്ടില്ലെന്ന് പറഞ്ഞു ഘോഷയാത്ര മുന്നോട്ട് പോവാതെ പള്ളിക്കു മുന്നില്‍ തന്നെ നിര്‍ത്തുകയായിരുന്നു.
ഇതിനിടെ സംഭവസ്ഥലത്തുണ്ടായിരുന്നു ഖാര്‍ഗോണ്‍ എസ്പി സിദ്ധാര്‍ത്ഥ് ചൗധരി കമ്മിറ്റി ഭാരവാഹികളുമായി സംസാരിച്ച് ഘോഷയാത്ര സാവധാനം മുന്നോട്ട് പോകാന്‍ നിര്‍ദേശിക്കുകയും അവരെ പിന്തുടരുകയും ചെയ്തു. തുടര്‍ന്ന് നിര്‍ദേശിക്കപ്പെട്ട റൂട്ടിലൂടെ 'ജാഥ മുന്നോട്ട് നീങ്ങാന്‍ തുടങ്ങി, സമാധാനപരമായി പ്രദേശം കടന്നുപോയി.
'ഇതിനിടെ, വിശ്വഹിന്ദു പരിഷത്തും ഹിന്ദു ജാഗരണ്‍ മഞ്ചും സംഘടിപ്പിച്ച മറ്റൊരു ജാഥയും ഇതുവഴിയെത്തി. ഘോഷയാത്ര അനുവദിക്കപ്പെട്ട റൂട്ടിലൂടെ പോവാതെ പ്രധാന റോഡിന്റെ ഒരു വശത്തുള്ള മുസ്‌ലിം ഭൂരിപക്ഷ പാര്‍പ്പിട മേഖലയിലൂടെ കടന്നുപോകുന്ന റൂട്ടിലൂടെ പോവുമെന്ന് സംഘാടകര്‍ വാശിപിടിച്ചു. പോലിസ് ഇതിന് അനുമതി നിഷേധിക്കുകയും വഴിമാറാന്‍ ആവശ്യപ്പെടുകയും ചെയ്തത് ഘോഷയാത്രയില്‍ പങ്കെടുത്തവരെ രോഷാകുലരാക്കി. അവര്‍ പോലീസുകാര്‍ക്ക് നേരെ കല്ലെറിയാന്‍ തുടങ്ങി'-അദ്ദേഹം തുടര്‍ന്നു.
ഇതിനിടെ, നോമ്പു തുറക്കുന്നതിനും നമസ്‌കാരത്തിനുമായി നിരവധി മുസ്‌ലിംകളും പള്ളിയിലേക്കെത്തിയിരുന്നു. ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ പോലിസിനു നേരെ കല്ലേറ് നടത്തുന്നതിനിടെ നിരവധി കല്ലുകള്‍ പള്ളിയിലേക്കും പതിച്ചു. ഇത് മുസ്‌ലിം ജനക്കൂട്ടത്തെ ഇളക്കിവിട്ടു, അവര്‍ തിരിച്ചടിച്ചു'-മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു.
'കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചും ചെറിയ തോതില്‍ ലാത്തി ചാര്‍ജ് നടത്തിയും ഞങ്ങള്‍ 15 മിനിറ്റിനുള്ളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി'-ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മുസ്ലീം മിററിനോട് പറഞ്ഞു. ഘോഷയാത്ര വീണ്ടും പതുക്കെ മുന്നോട്ട് നീങ്ങി.
'ഈ പ്രദേശം മുഴുവന്‍ ഇടതൂര്‍ന്ന ജനവാസകേന്ദ്രങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ചില പ്രദേശങ്ങളില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ചാണ് താമസിക്കുന്നത്. ചില സെറ്റില്‍മെന്റുകള്‍ മുസ്ലീം ഭൂരിപക്ഷമാണ്, മറ്റുള്ളവ നാല് ചക്ര വാഹനങ്ങള്‍ക്ക് പോലും അകത്തേക്ക് പോകാന്‍ കഴിയാത്തവിധം ഇടുങ്ങിയതാണ്'-അദ്ദേഹം പറഞ്ഞു.
കനത്ത പോലീസ് സന്നാഹമുള്ള സഞ്ജയ് നഗറില്‍ ഇരു സമുദായങ്ങളും മുഖാമുഖം വന്നു. എസ്പി സിദ്ധാര്‍ത്ഥ് ചൗധരിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അവിടെയെത്തി ഇരുവശത്തുമുള്ള ജനക്കൂട്ടത്തെ തുരത്താന്‍ നിരവധി കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.
'ആള്‍ക്കൂട്ടം അല്‍പ്പം പിന്‍വാങ്ങി. എന്നാല്‍ പോലിസ് എത്തിയപ്പോഴേക്കും ജനക്കൂട്ടം മുസ്ലീങ്ങളുടെ നിരവധി വീടുകളും കടകളും കത്തിച്ചിരുന്നു'-നാട്ടുകാര്‍ പറഞ്ഞു.
സമയം വൈകുന്നേരം ഏഴുമണിയും ഇരുട്ടും ആയിരുന്നു. തലാബ് ചൗക്കിലെ പള്ളിക്ക് സമീപം ഹിന്ദുക്കളും മുസ്ലീങ്ങളും വീണ്ടും മുഖാമുഖം വന്നു. ഇരുട്ട് മുതലെടുത്ത് ആള്‍ക്കൂട്ടത്തില്‍ നിന്ന് എസ്പിക്ക് നേരെ വെടിയുതിര്‍ത്തു. അദ്ദേഹത്തിന്റെ കാലിനാണ് വെടിയേറ്റത്.
'എന്റെ കാലില്‍ വെടിയേറ്റു. കല്ലാണെന്നാണ് ആദ്യം കരുതിയത്. നടക്കാന്‍ പ്രയാസം തോന്നിയതിനാല്‍ ഞാന്‍ സൈഡില്‍ നിന്നു. പിന്നീടാണ് മനസിലായത് തോക്കില്‍നിന്നുള്ള വെടിയേറ്റതാണെന്ന്. അമിത രക്തസ്രാവം ഉണ്ടായിരുന്നു. ഞാന്‍ നിലവിളിക്കാന്‍ തുടങ്ങി.
കവലയിലേക്ക് എത്തുന്ന ഇടറോഡിന്റെ രണ്ടു ഭാഗങ്ങളും ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുകയായിരുന്നു. ഒരു വശത്ത് 300-400 പേര്‍ ഉണ്ടായിരുന്നു, മറുവശത്ത് 400-600 പേര്‍. അതിനിടെ, കൂടുതല്‍ പോലീസ് സംഘം സ്ഥലത്തെത്തി. എന്റെ ഗണ്‍മാനും കല്ലേറ് കൊണ്ടു.അവന്റെ തലയില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. പരിക്കേറ്റിട്ടും അദ്ദേഹം എന്നെ ആശുപത്രിയിലെത്തിച്ചു'-ഉന്നത പോലീസ് പറഞ്ഞു.
ഹിന്ദുത്വര്‍ക്ക് വന്‍ ഗൂഢപദ്ധതിയുണ്ടായിരുന്നുവെന്നും എന്നാല്‍ അത് കൃത്യമായി നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. 'ദേശി കട്ടയുടെ (പ്രാദേശികമായി നിര്‍മ്മിച്ച പിസ്റ്റള്‍) സഹായത്തോടെയാണ് എസ്പിക്ക് നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റ് പോലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്തം മുസ്‌ലിംകളുടെ മേല്‍ ചുമത്തുകയും സമുദായത്തിനെതിരെ വലിയ തോതിലുള്ള അടിച്ചമര്‍ത്തല്‍ ആരംഭിക്കുകയും ചെയ്യുമായിരുന്നു'-പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.
അക്രമം നടന്ന് 24 മണിക്കൂറിനുള്ളില്‍ പ്രാദേശിക ഭരണകൂടം കലാപകാരികളെന്ന് സംശയിക്കുന്നവരുടെ വീടുകളും കടകളും തകര്‍ത്തു. തിങ്കളാഴ്ച (ഏപ്രില്‍ 11) ഖാര്‍ഗോണില്‍ ഇന്‍ഡോര്‍ ഡിവിഷണല്‍ കമ്മീഷണര്‍ പവന്‍ ശര്‍മ്മ 45 വസ്തുവകകള്‍ ഇടിച്ചു നിരത്തിയതായി അറിയിച്ചു. പോലിസ് നടപടിയെ പക്ഷപാതപരവും ഏകപക്ഷീയവുമാണെന്ന് നാട്ടുകാര്‍ വിശേഷിപ്പിച്ചു.
യാതൊരു അന്വേഷണവുമില്ലാതെയാണ് ഇത് നടപ്പാക്കിയതെന്നും അവര്‍ പറഞ്ഞു. മുസ്‌ലിംകളെ അടിച്ചമര്‍ത്താനുള്ള ഒരു കാരണവും പാഴാക്കാത്ത തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന പോലിസ് ഒരു പ്രോസിക്യൂഷനെപ്പോലെയും കോടതിയെപ്പോലെയും പ്രവര്‍ത്തിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.
കലാപകാരികളെന്ന് ആരോപിക്കപ്പെടുന്നവരുടെ സ്വത്തുക്കള്‍ നശിപ്പിക്കുന്നതിന് മുമ്പ് കോടതി വിധിക്കായി പോലീസ് കാത്തുനില്‍ക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഖാര്‍ഗോണ്‍ ജില്ലാ കളക്ടര്‍ പി അനുഗ്രഹ നല്‍കിയ മറുപടി ഈ കെട്ടിടങ്ങള്‍ നിയമവിരുദ്ധവും 'കൈയേറ്റ ഭൂമിയില്‍' നിര്‍മ്മിച്ചതുമാണെന്നായിരുന്നു. പൊളിക്കുന്നതിന് ആറ് മാസം മുമ്പ് ഉടമകള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നതായും അവര്‍ മുസ്ലീം മിററിനോട് പറഞ്ഞു.
മുസ്‌ലിംകളെ ലക്ഷ്യമിട്ടാണ് തകര്‍ക്കല്‍ നടപടികളുണ്ടായതെന്ന ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, അവര്‍ അത് തള്ളിക്കളയുകയും 'പൊളിച്ച സ്വത്തുക്കള്‍ രണ്ട് സമുദായങ്ങളുടേതുമാണെന്ന്' അവകാശപ്പെടുകയും ചെയ്തു.
തലാബ് ചൗക്ക് ഏരിയയില്‍ തകര്‍ത്ത 12 കടകളില്‍ എട്ടെണ്ണം മുസ്ലീങ്ങളുടേതും ബാക്കി നാലെണ്ണം ഹിന്ദുക്കളുടേതുമാണ്. എന്നാല്‍ 12 കടകളും ജുമാമസ്ജിദ് കമ്മിറ്റിയുടെ വകയായിരുന്നു. എന്താണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് ഭരണകൂടം ഇപ്പോഴും അന്വേഷിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
തകര്‍ക്കപ്പെട്ട കടയുടമകളില്‍ ഒരാളായ 50 കാരനായ മുഹമ്മദ് റഫീഖിന് തന്റെ വ്യാപാര സ്ഥാപനം തകര്‍ത്തതെന്തിനെന്നത് ഇപ്പോഴും അറിയില്ല.
'തനിക്ക് അക്രമവുമായോ അതിന്റെ ഗൂഢാലോചനയുമായോ ഒരു ബന്ധവുമില്ല,കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. പക്ഷേ എന്തിനാണ് എന്റെ കട തകര്‍ത്തത്? എന്തായിരുന്നു ഞാന്‍ ചെയ്ത കുറ്റം? ഞാന്‍ എങ്ങനെ ജീവിക്കും?' കണ്ണുനീര്‍ തുളുമ്പിക്കൊണ്ട് അദ്ദേഹം ചോദിക്കുന്നു.
റഫീഖിന്റെ ഒരു പലചരക്ക് കടയോടൊപ്പം സുരേഷ് ഗുപ്തയുടെ പലചരക്ക് കടയും ഉണ്ടായിരുന്നു.ജില്ലാ കളക്ടര്‍ അവകാശപ്പെട്ടതുപോലെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഇരുവരും പറഞ്ഞു.
'ഞാന്‍ പള്ളി കമ്മിറ്റിയില്‍ നിന്ന് കട വാടകയ്ക്ക് എടുത്തിരുന്നു, അവര്‍ക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഭരണകൂടത്തില്‍ നിന്ന് എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ മാനേജ്‌മെന്റ് തങ്ങളുമായി പങ്കുവെക്കുമായിരുന്നു. ബുള്‍ഡോസറുകള്‍ എത്തിയപ്പോഴാണ് പൊളിക്കുന്ന വിവരം അറിഞ്ഞത്. ഞാന്‍ ഓടിയെത്തി, കിട്ടിയ സമയം കൊണ്ട് കുറച്ച സാധനങ്ങള്‍ മാറ്റാന്‍ കഴിഞ്ഞു' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അക്രമം ആസൂത്രണം ചെയ്തതുമായി ബന്ധപ്പെട്ട് 11 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 95 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഇന്‍ഡോര്‍ റേഞ്ച് ഡിഐജി തിലക് സിംഗ് സ്ഥിരീകരിച്ചു.
എന്താണ് കലാപത്തിന് കാരണമായതെന്ന ചോദ്യത്തിന്, 'അന്വേഷണങ്ങള്‍ നടക്കുന്നു' എന്ന് അദ്ദേഹം പറഞ്ഞു.
രജിസ്റ്റര്‍ ചെയ്തിട്ടുള്ള 11 എഫ്‌ഐആറുകളും മുസ് ലിംകള്‍ക്കെതിരെയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 'മുസ്ലിംകള്‍ നല്‍കിയ ഒരു പരാതി പോലും എഫ്‌ഐആറായി മാറ്റിയിട്ടില്ല,' അവര്‍ ആരോപിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ അധികൃതര്‍ വിസമ്മതിച്ചതിനാല്‍ അവകാശവാദം സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല.
ഖാര്‍ഗോണിലെ അക്രമത്തെ 'നിര്‍ഭാഗ്യകരം' എന്ന് വിളിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്തു, 'മധ്യപ്രദേശിന്റെ മണ്ണില്‍ കലാപകാരികള്‍ക്ക് സ്ഥാനമില്ല. ഈ കലാപകാരികളെ തിരിച്ചറിഞ്ഞിട്ടുണ്ട്, അവരെ വെറുതെവിടില്ല അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും'പൊതു സ്വത്തുക്കള്‍ക്കുണ്ടായ നാശനഷ്ടം വിലയിരുത്തിയ ശേഷം എല്ലാ നാശനഷ്ടങ്ങളും അവരില്‍ നിന്ന് (ആരോപിക്കപ്പെടുന്ന കലാപകാരികള്‍) ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.