കിരണ്‍ ബേദിയെ ലഫ്റ്റന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കി; തമിഴിസൈ സൗന്ദരരാജനാണ് താത്കാലിക ചുമതല
തമിഴ്‌നാട് മുന്‍ ബിജെപി പ്രസിഡന്റും തെലങ്കാന ഗവര്‍ണറുമായി തമിഴിസൈ സൗന്ദരരാജനാണ് താത്കാലിക ചുമതല.
പുതുച്ചേരി: കിരണ്‍ ബേദിയെ പുതുച്ചേരി ലഫ്റ്റന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കി. രാഷ്ട്രപതി ഭവന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
തമിഴ്‌നാട് മുന്‍ ബിജെപി പ്രസിഡന്റും തെലങ്കാന ഗവര്‍ണറുമായി തമിഴിസൈ സൗന്ദരരാജനാണ് താത്കാലിക ചുമതല. പുതുച്ചരേയിലെ നിര്‍ണായപ്രതിസന്ധിയ്ക്കിടെയാണ് നീക്കം. വീണ്ടും തിരഞ്ഞടുപ്പിലേക്ക് പുതുച്ചേരി നീങ്ങുന്നതിനിടെയാണ് കിരണ്‍ ബേദിയുടെ രാജി. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ അവശേഷിക്കേയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടത്. ഇക്കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ നാല് കോണ്‍ഗ്രസ് എംഎല്‍എമാരാണ് സ്ഥാനം രാജിവെച്ചത്.
തിരഞ്ഞെടുക്കപ്പെട്ട 30 പേരും നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്നുപേരും ഉള്‍പ്പെട്ടതാണ് പുതുച്ചേരി നിയമസഭ. ഭരണ മുന്നണിക്ക് 18 അംഗങ്ങളാണുണ്ടായിരുന്നത്. 14 അംഗങ്ങളായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. മൂന്ന് ഡിഎംകെ. അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ ആയിരുന്നു നാരായണ സ്വാമി സര്‍ക്കാരിന്റെ ഭരണം.
എന്നാല്‍ നാല് എംഎല്‍എമാര്‍ രാജിവെച്ചതോടെ കോണ്‍ഗ്രസിന്റെ നിയമസഭയിലെ അംഗസംഖ്യ 10 ആയി ചുരുങ്ങി. ഇതോടെയാണ് നാരായണസ്വാമി സര്‍ക്കാര്‍ ന്യൂനപക്ഷമായത്. എ നമശ്ശിവായം, ഇ തീപ്പായ്ന്താന്‍ എന്നിവര്‍ ജനുവരി 25നാണ് എംഎല്‍എ സ്ഥാനങ്ങള്‍ രാജിവെച്ചത്. ആരോഗ്യമന്ത്രി മല്ലാടി കൃഷ്ണ റാവു തിങ്കളാഴ്ച വൈകുന്നേരം ട്വിറ്ററിലൂടെ തന്റെ രാജി പ്രഖ്യാപിച്ചിരുന്നു.
കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിയോടെ പുതുച്ചേരി നിയമസഭയിലെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും അംഗസംഖ്യ 14 ആയി. സമീപ സംസ്ഥാനമായ തമിഴ്‌നാടിനൊപ്പം മേയ് മാസത്തിലായിരിക്കും പുതുച്ചേരിയില്‍ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പുതുച്ചേരിയില്‍ എത്തുന്നുണ്ട്. രാഹുലിന്റെ വരവിന് തൊട്ടുമുന്‍പാണ് നാല് എംഎല്‍എമാരുടെ രാജി എന്നതും ശ്രദ്ധേയമാണ്. പുതുച്ചേരിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിനു ശേഷം ഇതാദ്യമായാണ് രാഹുല്‍ ഇവിടം സന്ദര്‍ശിക്കുന്നത്.