''ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ തനിക്കെതിരെ ഗൂഡാലോചന നടത്തി; ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം'': മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കെ എം എബ്രഹാം

തിരുവനന്തപുരം: തനിക്കെതിരേ ഗൂഢാലോചന നടക്കുകയാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്നാണ് കത്തിലെ ആവശ്യം. താന്‍ സ്ഥാനത്ത് തുടരണോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്തുകയാണ് തനിക്കെതിരായ നീക്കങ്ങളുടെ ലക്ഷ്യമെന്നും കത്ത് പറയുന്നു.
ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നേതൃത്വത്തില്‍ തനിക്കെതിരേ ഗൂഢാലോചന നടത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുണ്ടായിരുന്ന രണ്ടുപേര്‍ക്കുകൂടി ഗൂഢാലോചനയില്‍ പങ്കുണ്ട്. താന്‍ ധനവകുപ്പ് സെക്രട്ടറിയായിരിക്കേ, ഇവരുടെ അഴിമതി കണ്ടെത്തിയിരുന്നു. മൂന്നുപേരും സംസാരിച്ച ഫോണ്‍വിളികളുടെ ശബ്ദരേഖാ തെളിവുകള്‍ തന്റെ പക്കലുണ്ട്. 2015 മുതല്‍ ഗൂഢാലോചന തുടങ്ങിയെന്നും കത്തില്‍ പറയുന്നു.
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് കെ എം എബ്രഹാം കാര്യങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. അതേസമയം, തനിക്കെതിരെ അന്വേഷണം നടത്താന്‍ സിബിഐക്ക് നിര്‍ദേശം നല്‍കിയ ഹൈക്കോടതി സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ എബ്രഹാം അഭിഭാഷകരെ കണ്ടു. 2015ല്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നകാലത്ത് വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് എബ്രഹാമിനെതിരേയുള്ള പരാതി.