പിടിച്ചെടുത്ത പണത്തിന് രേഖയുണ്ട്; ബന്ധുവിന്റ ഭൂമിയിടപാടിന് കൊണ്ടുവന്നതെന്ന് കെ എം ഷാജി
കണ്ണൂര്‍: അഴീക്കോട് ചാലാട് മണലിലെ വീട്ടില്‍ നിന്ന് വിജലിന്‍സ് പരിശോധനയ്ക്കിടെ പിടിച്ചെടുത്ത 50 ലക്ഷം രൂപയ്ക്ക് രേഖയുണ്ടെന്ന് കെ എം ഷാജി എംഎല്‍എ. ബന്ധുവിന്റ ഭൂമിയിടപാടിനായി കൊണ്ടുന്ന പണമാണിതെന്നും രേഖകള്‍ ഹാജരാക്കാന്‍ ഒരുദിവസത്തെ സമയം വേണമെന്നും ഷാജി ആവശ്യപ്പെട്ടു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് കേസെടുത്തതിനു പിന്നാലെ കോഴിക്കോട്ടെയും അഴീക്കോട്ടെയും വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിനിടെയാണ് അഴീക്കോട്ടെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ പിടിച്ചെടുത്തത്. കോഴിക്കോട് വിജിലന്‍സ് യൂനിറ്റാണ് റെയ്ഡ് നടത്തിയത്. മതിയായ രേഖയില്ലാത്ത പണമാണ് പിടിച്ചെടുത്തതെന്ന് വിജിലന്‍സ് അറിയിച്ചിരുന്നു. എന്നാല്‍, പണത്തിന് രേഖയുണ്ടെന്നും ബന്ധുവിന്റ ഭൂമിയിടപാടിന് കൊണ്ടുവന്നതെന്നുമാണ് കെ എം ഷാജി അറിയിച്ചിട്ടുള്ളത്.
കെ എം ഷാജി എംഎല്‍എയ്ക്കു വരവില്‍ കവിഞ്ഞ സ്വത്തുള്ളതായി വിജിലന്‍സ് നേരത്തേ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച റിപോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഷാജിയുടെ സ്വത്ത് സമ്പാദനത്തില്‍ വരവിനേക്കാള്‍ 166 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് വിജിലന്‍സ് കണ്ടെത്തല്‍. 2011 മുതല്‍ 2020 വരെയുള്ള കണക്ക് പ്രകാരം ഷാജിക്ക് 88,57,000 രൂപയാണ് വരവുള്ളത്.
ഇക്കാലയളവില്‍ 32,19,000 രൂപ ഷാജി ചെലവാക്കിയിട്ടുണ്ട്. എന്നാല്‍ രണ്ട് കോടിയോളം രൂപ ഇക്കാലയളവില്‍ ഷാജി സമ്പാദിച്ചതായാണ് വിജിലന്‍സ് കണ്ടെത്തല്‍. ഷാജിക്കെതിരേ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും വിജിലന്‍സ് റിപോര്‍ട്ട് ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
KM Shaji about Vigilance raid