കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് : രാജ്യാന്തര കുറ്റവാളി രവി പൂജാരിയെ കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു

എടിഎസിന്റെ നേതൃത്വത്തില്‍ നെടുമ്പാശേരിയില്‍ വെച്ചാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.കനത്ത സുരക്ഷയിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.വെടിവെയ്പുമായി ബന്ധപ്പെട്ട് രവി പൂജാരിയുടെ പങ്ക് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിനുള്ള ശ്രമമാണ് അന്വേഷണ സംഘം നടത്തുന്നത്

Update: 2021-06-03 06:08 GMT

കൊച്ചി: കൊച്ചിയിലെ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവയ്പ് നടത്തിയ കേസിലെ മൂന്നാം പ്രതി അധോലോക കുറ്റവാളി രവി പൂജാരിയെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ തുടങ്ങി. എടിഎസിന്റെ നേതൃത്വത്തില്‍ നെടുമ്പാശേരിയില്‍ വെച്ചാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.കനത്ത സുരക്ഷയിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.വെടിവെയ്പുമായി ബന്ധപ്പെട്ട് രവി പൂജാരിയുടെ പങ്ക് തെളിയിക്കുന്ന തെളുവുകള്‍ കണ്ടെത്തുന്നതിനുള്ള ശ്രമമാണ് അന്വേഷണ സംഘം രവി പൂജാരിയെ ചോദ്യം ചെയ്യുന്നതിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഇന്നോ നാളെയോ ആയി വെടിവെയ്പുണ്ടായ പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിലും രവി പൂജാരിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.


ഇന്നലെ രാത്രി 8.50-നാണ് ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ നിന്നും നിന്ന് രവി പൂജാരിയെ ക്രൈംബ്രാഞ്ച് സംഘം വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിലെത്തിച്ചത്.ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായ രവി പൂജാരിയെ ഈ മാസം എട്ട് വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവിട്ടിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് നാലരയോടെയാണ് രവി പൂജാരിയെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റുവാങ്ങിയത്. പിന്നീട് ബംഗളൂരു പോലിസിന്റെ സുരക്ഷാ അകമ്പടിയോടെ 5.30ന് വിമാനത്താവളത്തിലെത്തിച്ചു. 7.45ന് അവിടെ നിന്ന് കൊച്ചിയിലേക്ക് തിരിച്ചു.രാത്രി 8.50 ഓടെ നെടുമ്പാശേരിയില്‍ എത്തിച്ചത്. ബംഗളുരു ക്രൈം ബ്രാഞ്ചും സംഘത്തോടൊപ്പമുണ്ട്.

2018 ഡിസംബര്‍ 15-നാണ് നടി ലീന മരിയ പോള്‍ നടത്തുന്ന പനമ്പിള്ളി നഗറിലെ എന്ന ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെപ്പുണ്ടായത്. ഇരുചക്ര വാഹനത്തില്‍ മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് വെടിയുതിര്‍ത്തത്. രക്ഷപെടും വഴി രവി പൂജാരിയെന്ന് എഴുതിയ ഒരു കുറിപ്പും ഇവിടെ ഉപേക്ഷിച്ചു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആക്രമണത്തിനു പിന്നില്‍ രവി പൂജാരിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.വെടിവെയ്പു മായി ബന്ധപ്പെട്ട് രണ്ടു പേരെ പോലിസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. വെടിവെപ്പ് ഉണ്ടാകുന്നതിന് ഒരുമാസം മുന്‍പ് ലീനയെ വിളിച്ച് രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ടിരുന്നു.തന്റെ അറിവോടെയാണ് വെടിവയ്പ നടന്നതെന്ന വിവരം ബംഗളുരുവില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ രവി പൂജാരി സമ്മതിച്ചതായാണ് സൂചന. ലീനയെ വിളിച്ചതും സ്വകാര്യ ചാനലിലേക്ക് വിളിച്ചതും രവി പൂജാരി തന്നെയാണോയെന്ന് പരിശോധിക്കാന്‍ ഇയാളുടെ ശബ്ദ സാമ്പിള്‍ അന്വേഷണ സംഘം ശേഖരിക്കും.

Tags:    

Similar News