400 കോടിയുടെ ബിജെപി കുഴല്‍പ്പണ കേസ്: ധര്‍മ്മരാജന്‍ തൃശൂരില്‍ എത്തിച്ചത് 9.80 കോടി;6.30 കോടിയും തൃശൂരിന്
തൃശൂര്‍ ജില്ലക്ക് കൈമാറിയ 6.30 കോടിക്ക് ബാക്കി വന്ന പണം മുഴുവന്‍ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങള്‍ക്ക് മാത്രമായി നല്‍കിയതാണ്. കൊടകര കേസന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനിലേക്കും നീളുന്നുവെന്നാണ് റിപ്പോര്‍ട്ട്.
തൃശൂര്‍: 400 കോടിയുടെ ബിജെപി കുഴപ്പണക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഏകദേശം 10 കോടിയോളം രൂപയാണ് ധര്‍മ്മരാജന്‍ കൊണ്ടുവന്നതെന്നാണ് സൂചന. 9.80 കോടി രൂപയാണ് ധര്‍മ്മരാജന്‍ തൃശൂരിലേക്ക് കൊണ്ടുവന്നത്. അതില്‍ 6.30 കോടിയും തൃശൂര്‍ ജില്ലക്ക് കൈമാറി. ഇതിന് പുറമേ 2 കോടി തൃശൂര്‍ മണ്ഡലത്തിന് മാത്രമായും നല്‍കിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
ബാക്കി വന്ന മൂന്നരക്കോടിയുമായി പോകുന്നതിനിടെയാണ് പണം കവരുന്നതും ധര്‍മ്മരാജന്‍ പോലിസില്‍ പരാതി നല്‍കുന്നതും. കവര്‍ച്ചാ കേസിന് പുറമേ പണം എങ്ങനെ എത്തിച്ചു, എവിടെ നിന്നെത്തി തുടങ്ങിയ അന്വേഷണത്തില്‍ നിന്നാണ് നിര്‍ണ്ണായകമായ ഈ വിവരങ്ങള്‍ ലഭിക്കുന്നത്.
തൃശൂര്‍ ജില്ലക്ക് കൈമാറിയ 6.30 കോടിക്ക് ബാക്കി വന്ന പണം മുഴുവന്‍ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങള്‍ക്ക് മാത്രമായി നല്‍കിയതാണ്. കൊടകര കേസന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകനിലേക്കും നീളുന്നുവെന്നാണ് റിപ്പോര്‍ട്ട്. ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും പല തവണ ഫോണില്‍ തവണ ബന്ധപ്പെട്ടെന്നും കോന്നിയില്‍ നിന്നും കൂടികാഴ്ച്ച നടത്തിയെന്നും അന്വേഷണം കണ്ടെത്തിയിരുന്നു.
ധര്‍മ്മരാജന്റെ ഫോണ്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത് സുരേന്ദ്രന്റെ ബന്ധുവിന്റെ നമ്പര്‍ ആണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. പലതവണയായി ഇരുവരും ബന്ധപ്പെട്ടിട്ടുണ്ട്. പിന്നീടാണ് ഇത് കെ സുരേന്ദ്രന്റെ മകന്റെ നമ്പര്‍ ആണെന്ന് സ്ഥിരീകരിക്കുന്നത്. ഇരുവരും കോന്നിയില്‍ വെച്ച് കൂടികാഴ്ച്ചയും നടത്തിയിരുന്നു. മൊഴി എടുക്കുന്നതിനായി ഇദ്ദേഹത്തെ വിളിപ്പിച്ചേക്കും. നേരത്തെ സെക്രട്ടറിയുടേയും ഡ്രൈവറുടേയും മൊഴി എടുത്തിരുന്നു.
കേസില്‍ ധര്‍മരാജനും സുരേന്ദ്രനും തമ്മില്‍ പരിചയമുണ്ടെന്ന് അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചിരുന്നു. കെ സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറുമാണ് ഇത്തരത്തില്‍ മൊഴി നല്‍കിയത്.
സുരേന്ദ്രന്റെ സെക്രട്ടറി ഡിപിനേയും ഡ്രൈവര്‍ ലെബീഷിനേയും രണ്ടര മണിക്കൂര്‍ അന്വേഷണ സംഘം ചോദ്യം ചെയ്തു. സുരേന്ദ്രനും ധര്‍മരാജനും തമ്മിലുള്ള പരിചയം ഇരുവരും നിഷേധിച്ചില്ല. അതേസമയം തിരഞ്ഞെടുപ്പ് സമയത്ത് ഇവര്‍ കൂടിക്കാഴ്ച നടത്തിയതായി അറിവില്ലെന്നും മൊഴി നല്‍കി. ധര്‍മരാജനെ തിരഞ്ഞെടുപ്പ് സാമഗ്രികള്‍ ഏല്‍പ്പിച്ചിരുന്നു. ഇതിന്റെ വിതരണത്തിനാണ് ഫോണില്‍ വിളിച്ചതെന്നും ഇരുവരും അറിയിച്ചു. ധര്‍മരാജന്‍ തിരഞ്ഞെടുപ്പ് സാമഗ്രികള്‍ ഒന്നും വിതരണം ചെയ്തിട്ടില്ലെന്ന് ചൂണ്ടികാട്ടിയപ്പോള്‍ അതേ കുറിച്ച് അറിയില്ലെന്നായി വിശദീകരണം. കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കാലത്തെ യാത്രകളും പരിപാടികളും സംബന്ധിച്ച വിവരങ്ങളും ചോദിച്ചറിഞ്ഞു.