തൃശൂര്‍: കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട ബിജെപി തിരഞ്ഞെടുപ്പ് ഫണ്ടിലെ മൂന്നരക്കോടി കുഴല്‍പ്പണത്തില്‍ ഒന്നര ലക്ഷത്തോളം രൂപ കൂടി കണ്ടെടുത്തു. കവര്‍ച്ചാ കേസിലെ പ്രതി രഞ്ജിത്തിന്റെ സുഹൃത്തിന്റെ ചാലക്കുടിയിലെ വീട്ടില്‍ നിന്നാണ് 1,40,000 രൂപ കണ്ടെടുത്തത്. ഇതോടെ നഷ്ടപ്പെട്ട പണത്തില്‍ ഒന്നരക്കോടി രൂപ ഇതുവരെ കണ്ടെടുത്തു.
ഏപ്രില്‍ 3 ന് കൊടകര ദേശീയ പാതയില്‍ വെച്ച് കാറില്‍ കൊണ്ടു പോവുകയായിരുന്ന ബിജെപിയുടെ തിതരഞ്ഞെടുപ്പ് ഫണ്ടായ മൂന്നര കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുക്കുകയായിരുന്നു. 22 പ്രതികളാണ് കേസിലുള്ളത്. ഇതില്‍ 21 പേര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. കേസില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ സാക്ഷികളാണ്.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളുടെ ചോദ്യം ചെയ്യല്‍ വീണ്ടും തുടങ്ങി. പ്രതി ബാബു, അയാളുടെ ഭാര്യ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു. കവര്‍ച്ചാ പണത്തിലെ ഇനി കണ്ടെത്താനുള്ള 2 കോടി രൂപ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടെ തിതരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ബിജെപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചോയെന്നതും അന്വേഷണ പരിധിയില്‍ വരും. കര്‍ണാടകത്തില്‍ നിന്ന് എത്തിച്ച ബിജെപിയുടെ ഫണ്ട് ആണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന പരാതിക്കാരന്‍ ധര്‍മ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുക.