കൊടകര കുഴല്‍പണവും സി കെ ജാനുവിന്റെ ബിജെപി പ്രവേശവും; പുതിയ വെളിപ്പെടുത്തല്‍ വലിയ ഒരു മഞ്ഞുമലയുടെ ഒരഗ്രം മാത്രം, പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍

Update: 2021-06-05 14:18 GMT

മലപ്പുറം: കൊടകര കുഴല്‍പണവും സി കെ ജാനുവിന്റെ ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തല്‍ വലിയ ഒരു മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണെന്ന് പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കൊടകര പണമിടപാടുമായി ബന്ധപ്പെട്ടും സി കെ ജാനുവിനെ ബിജെപിയിലേക്ക് അടുപ്പിക്കുന്നതുമായി ബന്ധപ്പെട്ടും പുറത്തുവരുന്ന വാര്‍ത്തകള്‍ ജനാധിപത്യസമൂഹത്തില്‍ ഏറെ ഞെട്ടലുളവാക്കുന്നതാണ്. ബിജെപി അധികാരത്തില്‍ വരുമെന്നും അതിനു വേണ്ടത് കേവലം 35 എംഎല്‍എമാര്‍ മാത്രമാണെന്നും ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് നടത്തിയ പ്രസ്താവനയുടെ ഗൗരവം ഇപ്പോഴാണ് പ്രബുദ്ധകേരളം മനസ്സിലാക്കുന്നത്.

ജനാധിപത്യത്തെ പണാധിപത്യമാക്കാന്‍ എത്രത്തോളമാണ് ബിജെപി ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും ശ്രമിക്കുന്നത് എന്നതിന്റെ ഏറ്റവും പുതിയ ചിത്രമാണ് കേരള രാഷ്ട്രീയത്തിന്റെ കാന്‍വാസിലും തെളിയുന്നത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷത്തിന് ഏഴയലത്ത് പോലുമെത്താന്‍ കഴിയാതിരുന്നിട്ടും അവിടങ്ങളിലൊക്കെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത് ജനാധിപത്യ ഇന്ത്യ ഏറെ ഞെട്ടലോടെയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഇത്തരം പ്രവണതകള്‍ ജനാധിപത്യസമൂഹത്തിന് ഒട്ടും ഭൂഷണമല്ല.

രാജ്യസുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന ഫാഷിസ്റ്റ് പ്രവണതകള്‍ക്കെതിരേ രാജ്യത്തെ ജനാധിപത്യശക്തികള്‍ ഒറ്റക്കെട്ടായ് അണിനിരന്ന് അതിനെ ചെറുത്തു തോല്‍പ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാല്‍, അത്തരം നീക്കങ്ങള്‍ ദേശീയതലത്തില്‍ മതേതര രാഷ്ട്രീയം പ്രസംഗിക്കുന്നവരില്‍നിന്ന് പോലും കാണുന്നില്ല എന്നത് ഏറെ നിരാശാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. കുഴല്‍പ്പണ തട്ടിപ്പുകേസും സി കെ ജാനുവിനെ കോടികളൊഴുക്കി വിലയ്ക്കുവാങ്ങിയ വിഷയവും കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തുകൊണ്ടുവരേണ്ടതാണ്. അവര്‍ എത്ര ഉന്നതരായാലും അവരെ മാതൃകാപരമായി ശിക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ കേരള പോലിസും ആഭ്യന്തരവകുപ്പും എടുക്കേണ്ടതുമാണ്.

എന്ത് തോന്നിവാസം ചെയ്താലും അതിനെയൊക്കെ താങ്കളുടെ കൈയിലുള്ള കോടാനുകോടി രൂപ ഉപയോഗപ്പെടുത്തി വിലക്കുവാങ്ങേണ്ടവരെ വിലയ്ക്കുവാങ്ങി അധികാരം നിലനിര്‍ത്താമെന്ന രാഷ്ട്രീയമാണ് ബിജെപിയെ നയിക്കുന്നത്. ഒരുനിലയ്ക്കും പിന്തുണ ലഭിക്കില്ലെന്ന ഉറപ്പുണ്ടായിരുന്ന കേരളത്തില്‍ പോലും ശതകോടികള്‍ ഇറക്കി രാഷ്ട്രീയം കളിക്കുന്ന ബിജെപിയെ ജനമധ്യത്തില്‍ തുറന്നുകാട്ടി നിലയ്ക്കുനിര്‍ത്തേണ്ടതിന് ബാധ്യതപ്പെട്ട, നേതൃത്വം നല്‍കേണ്ട, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മതേതര ജനാധിപത്യ പാര്‍ട്ടിക്ക് അന്തസ്സോടെ മുന്നില്‍ നിര്‍ത്താന്‍ ഒരു നായകനില്ലാത്ത നിസ്സഹായാവസ്ഥയ്ക്കാണ് രാജ്യം മൂകസാക്ഷിയാവുന്നത്. കഴിവും പ്രാപ്തിയും കറകളഞ്ഞ സെക്യുലര്‍ നിലപാടുമുള്ള ദേശീയ പ്രസ്ഥാനങ്ങള്‍ രാജ്യത്ത് ഉയര്‍ന്നുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഏതൊരു ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെയും അത്തരം ശക്തികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട് എന്നതിന് കാലവും ചരിത്രവും സാക്ഷിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Tags:    

Similar News