കൊടിസുനിയുടെ ഭീഷണി: കൊടുവള്ളി നഗരസഭയില്‍ കൈയാങ്കളി

ഇത്തരമൊരു പ്രമേയം അവതരിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ നിലപാടെടുത്തതോടെയാണ് ചര്‍ച്ച കൈയാങ്കളിയിലെത്തിയത്

Update: 2019-06-28 12:40 GMT

കോഴിക്കോട്: കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കോഴിശേരി മജീദിനും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെടുന്ന അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സിലില്‍ ബഹളവും കൈയാങ്കളിയും. ഇത്തരമൊരു പ്രമേയം അവതരിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ നിലപാടെടുത്തതോടെയാണ് ചര്‍ച്ച കൈയാങ്കളിയിലെത്തിയത്. സ്വര്‍ണ വില്പനയുടെ പേരില്‍ കോഴിശേരി മജീദിനെ ടി പി കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി കൊടിസുനി ഭീഷണിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് സംരക്ഷണം നല്‍കണമെന്ന പ്രമേയം യുഡിഎഫ് കൊണ്ടുവന്നത്.

എന്നാല്‍, ഇക്കാര്യത്തിലുള്ള പ്രമേയം ചര്‍ച്ച ചെയ്യേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായി എത്തിയത്. സംഭവവുമായി എല്‍ഡിഎഫിന് ബന്ധമുണ്ടോയെന്നും ഭരണകക്ഷി അംഗങ്ങള്‍ ചോദിച്ചു. തുടര്‍ന്നു ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഇരിപ്പിടങ്ങളില്‍നിന്നെഴുന്നേറ്റ് പോര്‍വിളികള്‍ ആരംഭിക്കുകയും തുടര്‍ന്നു കയ്യാങ്കളിയിലെത്തുകയുമായിരുന്നു. മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ടാണ് കയ്യാങ്കളി നടത്തിയ അംഗങ്ങളെ ശാന്തരാക്കിയത്.

Tags:    

Similar News