മലപ്പുറം: കലക്ടറേറ്റിനുള്ളില്‍ കയറി കല്ലിടുക, സെക്രട്ടേറിയറ്റിനുള്ളില്‍ കല്ലിടുക എന്നിങ്ങനെ ശരിക്കും അടി കിട്ടേണ്ട സമരമാണ് സില്‍വര്‍ ലൈന്‍ വിഷയത്തില്‍ കഴിഞ്ഞ ദിവസം നടന്നതെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരത്തില്‍ പോലിസ് സംയമനം പാലിക്കുകയായിരുന്നു. ജനങ്ങള്‍ക്കെതിരായ യുദ്ധമല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് സംയമനം പാലിച്ചത്. സമരക്കാര്‍ എടുത്തുകൊണ്ടു പോയതുകൊണ്ട് കേരളത്തില്‍ കല്ലിന് ക്ഷാമമൊന്നുമില്ല. കേരളത്തില്‍ ഇല്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവന്ന് കല്ലിടും. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതിനു ശേഷമേ ഏറ്റെടുക്കുകയുള്ളൂ. തെറ്റായ പ്രചാരണം നടത്തി ആളുകളെ കബളിപ്പിച്ച് സമര രംഗത്തിറക്കുകയാണ്.
കേന്ദ്രം അംഗീകരിച്ച കാര്യങ്ങളേ ഇവിടെ നടക്കുന്നുള്ളൂ. സാമൂഹികാഘാത പഠനത്തിനുള്ള കല്ലിടലാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് പൂര്‍ത്തിയായാല്‍ മാത്രമേ മറ്റ് നടപടികളിലേക്ക് കടക്കാന്‍ സാധിക്കൂ. ഇപ്പോള്‍ നടക്കുന്നത് ഹൈകോടതി വിധിക്കെതിരായ സമരമാണ്. വിമോചന സമരമൊന്നും ഇനി ഇവിടെ നടക്കില്ല. ആ കാലം മാറിപ്പോയി. അത് മനസ്സില്‍ വെച്ചാണ് അവര്‍ നടക്കുന്നതെങ്കില്‍ അതു നടക്കാന്‍ പോകുന്നില്ലെന്നാണ് താന്‍ കഴിഞ്ഞ ദിവസം സൂചിപ്പിച്ചതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.