'താലിബാനോടുള്ള ചൈനയുടെ നിലപാട് അതിര്‍ത്തിയുമായി ബന്ധപ്പെട്ടത്'; ന്യായീകരിച്ച് കോടിയേരി
തിരുവനന്തപുരം: താലിബാനുമായുള്ള ചൈനയുടെ ബന്ധത്തിനെതിരേയുള്ള വിമര്‍ശനത്തെ പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. താലിബാനോടുള്ള ചൈനയുടെ നിലപാട് അതിര്‍ത്തിയുമായി ബന്ധപ്പെട്ടതെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.
ചൈന ആധുനിക രീതിയിലെ പുതിയ സോഷ്യലിസ്റ്റ് ക്രമം രൂപപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തിലാണ് ചൈനക്കെതിരായ വിമര്‍ശനങ്ങളെ പാര്‍ട്ടി പിബി അംഗം കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ പ്രതിരോധിച്ചത്.
ചൈന ആഗോളവല്‍ക്കരണ കാലത്ത് പുതിയ പാത വെട്ടിത്തെളിക്കുന്ന രാജ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് ക്രമമാണ് ചൈനയിലേത്. 2021 ല്‍ ചൈനയ്ക്ക് ദാരിദ്ര്യ നിര്‍മാര്‍ജനം കൈവരിക്കാന്‍ കഴിഞ്ഞു.
വിദ്യാഭ്യാസം അരോഗ്യം തുടങ്ങിയ രംഗങ്ങളില്‍ മിനിമം നിലവാരം പുലര്‍ത്താന്‍ ചൈനക്ക് കഴിഞ്ഞുവെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കെതിരെ ശരിയായ നിലപാട് സ്വീകരിക്കാന്‍ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്കു കഴിയുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര പ്രമേയം ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും അതില്‍ ഇപ്പോഴും മാറ്റമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.