കൊളത്തൂർ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ സ്‌ഫോടനം; ദുരൂഹത തുടരുന്നു
രാമദാസ് സിപിഎം പ്രവര്‍ത്തകനാണെന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, അമ്പലപ്പടി സ്റ്റാന്റ് കേന്ദ്രീകരിച്ച് ഓട്ടോ ഓടിക്കുന്ന രാമദാസ് സംഘപരിവാര പ്രവര്‍ത്തകനാണെന്ന് പ്രദേശത്തെ ഓട്ടോ ജീവനക്കാര്‍ സ്ഥിരീകരിച്ചു.
ക്ഷേത്രത്തിലെ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നും ക്ഷേത്രത്തില്‍ കരിമരുന്ന് പ്രയോഗത്തിനായി കൊണ്ടുവന്ന വെടിമരുന്ന് അബദ്ധത്തില്‍ മാലിന്യത്തിൽപ്പെട്ടതാണ് സ്‌ഫോടന കാരണമെന്നുമാണ് പ്രദേശത്തെ സംഘപരിവാര പ്രവര്‍ത്തകരും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും അവകാശപ്പെടുന്നത്.
എന്നാല്‍, അമ്പലപ്പടിയിലെ നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ കരിമരുന്ന് പ്രയോഗം നടക്കാറില്ലെന്ന് നാട്ടുകാര്‍ വെളിപ്പെടുത്തുന്നു. വര്‍ഷത്തില്‍ നടക്കുന്ന അയ്യപ്പന്‍ വിളക്ക് ഉല്‍സവത്തോടനുബന്ധിച്ച് കതിന പൊട്ടിക്കാറുണ്ട്. അതിന് വേണ്ടി പുറത്തുനിന്നുള്ള സംഘങ്ങള്‍ക്ക് കരാര്‍ നല്‍കുകയാണ് പതിവ്. കതിനകള്‍ ബാക്കിയായാല്‍ കരാറുകാര്‍ തന്നെ കൊണ്ടുപോവുകയാണ് ചെയ്യാറുള്ളത്. കഴിഞ്ഞ വര്‍ഷം കരിമരുന്ന് പ്രയോഗത്തിന് നിരോധനമുള്ളത് കാരണം അയ്യപ്പന്‍ വിളക്കിന് കതിന പൊട്ടിച്ചിരുന്നില്ല. രണ്ട് വര്‍ഷം പഴക്കമുള്ള കതിനയാണെങ്കില്‍ പൊട്ടിത്തെറിക്കാന്‍ ഒരു സാധ്യതയുമില്ലെന്നാണ് ഈ മേഖലയില്‍ പരിചയമുള്ളവരും പറയുന്നു. സ്‌ഫോടനത്തില്‍ രാമദാസിന്റെ വയറിനും കൈക്കും നാല്‍പ്പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അങ്ങാടിപ്പുറം വളാഞ്ചേരി പാതയുടെ ഏതാനും മീറ്റർ അകലെയായ ക്ഷേത്രത്തിൽ നിന്നും പരിക്കേറ്റ രാമദാസിനെ റോഡിലേക്കെത്തിച്ച് ആശുപത്രിയിലെത്തിക്കുകയല്ല ചെയ്തത്. സ്‌ഫോടനം നടക്കുന്ന സമയത്ത് 10 മീറ്റര്‍ അപ്പുറത്ത് നാട്ടുകാരും വിവിധ മതസ്ഥരുമായ ചെറുപ്പക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍, അവരെ വിവരമറിയിച്ച് സഹായം തേടുന്നതിന് പകരം കുറച്ചകലെയുള്ള ബിജെപി പ്രവര്‍ത്തകനെ വിളിച്ചുവരുത്തിയാണ് രാമദാസിനെ ആശുപത്രിയില്‍ എത്തിച്ചത്.
സ്‌ഫോടനം നടന്ന ഉടനെയുണ്ടായ ആര്‍എസ്എസ് ഇടപെലും സംഭവത്തില്‍ ദൂരുഹത ഉയര്‍ത്തുന്നുണ്ട്. സംഭവം നടന്ന ഉടനെ രണ്ട് കിലോമീറ്റര്‍ അകലെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്ഷേത്രത്തിലേക്ക് കുതിച്ചെത്തിയതും സംശയം ജനിപ്പിക്കുന്നു. സ്‌ഫോടനമുണ്ടായ ഉടനെ പ്രദേശത്തുള്ളവർ കൊളത്തൂര്‍ പോലിസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചിരുന്നു. എന്നാല്‍, പോലിസ് ഇടപെടാന്‍ തയ്യാറായില്ല. പിന്നീട് ഉന്നത തലത്തില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പോലിസ് അനങ്ങിയത്. സംഭവത്തിന്റെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സ്‌ഫോടക വസ്തുക്കള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് പോലിസ് കേസെടുത്തത്. സംഭവത്തെ കുറിച്ച് വിശദീകരിക്കാന്‍ ഇന്നലെ വൈകീട്ട് 7ന് യോഗം വിളിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചിരുന്നെങ്കിലും അത് നടന്നില്ല. അതിന്റെ കാരണം വ്യക്തമല്ല.