മതപഠനശാലയിൽ വച്ച് പീഡനം; പതിനേഴുകാരിയുടെ പരാതിയിൽ നടത്തിപ്പുകാരൻ അറസ്റ്റിൽ
സമാന പരാതി ഉയർന്നതിനെ തുടർന്ന് സ്ഥാപനത്തിൽ നിന്നും പന്ത്രണ്ട് പെൺകുട്ടികളെ ചൈൽഡ് ലൈൻ മോചിപ്പിച്ചു
മലപ്പുറം: കൊളത്തൂരിൽ അനധികൃതമായി പ്രവർത്തിക്കുന്ന മതപഠന ശാലയിൽ വച്ച് പതിനേഴുകാരി പീഡനത്തിനിരയായെന്ന പരാതിയിൽ സ്ഥാപന നടത്തിപ്പുകാരനെ പോലിസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂർ സ്വദേശി മുഹമ്മദ് റഫീഖ് ആണ് അറസ്റ്റിലായത്.
പീഡനത്തിനിരയായെന്ന് കാണിച്ച് കൊളത്തൂർ പോലിസിലാണ് പെൺകുട്ടി പരാതി നൽകിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി കൊളത്തൂർ പോലിസ് പറഞ്ഞു. പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത റഫീഖിനെ കോടതിയിൽ ഹാജരാക്കും. കുളത്തൂർ ചെട്ടിപ്പറമ്പിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
ചൈൽഡ് ലൈൻ ട്രോൾ ഫ്രീ നമ്പറിലൂടെ വന്ന പരാതിയെ തുടർന്നാണ് അധികൃതർ മത പഠനശാലയിൽ എത്തി അന്വേഷണം നടത്തിയത്. ബാലനീതി നിയമപ്രകാരം സ്ഥാപനം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ചൈൽഡ് വെൽഫയർ കമ്മറ്റി ചെയർമാൻ ഷാജേഷ് ഭാസ്കർ പറഞ്ഞു. സമാന പരാതി ഉയർന്നതിനെ തുടർന്ന് സ്ഥാപനത്തിൽ നിന്നും പന്ത്രണ്ട് പെൺകുട്ടികളെ ചൈൽഡ് ലൈൻ മോചിപ്പിച്ചു.