യേശുദാസുമായി നാലര പതിറ്റാണ്ടിന്റെ സൗഹൃദം ഓര്‍ത്തെടുത്ത് കൂടാത്ത് മുഹമ്മദ് കുട്ടിഹാജി
കെ പി ഒ റഹ്മത്തുല്ല
തിരൂര്‍: ഗാനാലാപനത്തിന്റെ നീണ്ട ആറ് പതിറ്റാണ്ടും പിന്നിട്ട ഗാനഗന്ധര്‍വ്വന്‍ യേശുദാസുമായുള്ള നാല് പതിറ്റാണ്ടിന്റെ സൗഹൃദങ്ങള്‍ പങ്കുവച്ച് പകര സ്വദേശിയും തിരൂര്‍ സിറ്റി ഹോസ്പിറ്റലിന്റെ മാനേജിങ് ഡയറക്ടറുമായ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി. സംഗീതത്തിന്റെ മാസ്മരികതയിലേക്ക് മലയാളികളെ കൂട്ടിക്കൊണ്ടുപോയി ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട യേശുദാസുമായി തനിക്കുള്ള സൗഹൃദബന്ധത്തിന്റെ എല്ലാവിധ സവിശേഷതകളും പറഞ്ഞു തീര്‍ക്കുകയാണ് 72 കാരന്‍. 1984ലാണ് ആദ്യമായി മുഹമ്മദ് കുട്ടി ഹാജി യേശുദാസിനെ കാണുന്നതെന്ന് അദ്ദേഹം ഓര്‍ത്ത് പറയുന്നു. തിരൂരിലെ സയ്യിദ് സഖാഫ് തങ്ങളുടെ അളിയന്‍ എറണാകുളത്തുള്ള ഇമ്പിച്ചിക്കോയ തങ്ങളുടെ മകന്റെ കല്യാണവീട്ടില്‍ വച്ചായിരുന്നു ആദ്യ ദര്‍ശനം. യേശുദാസിന്റെ എറണാകുളത്തെ മാനേജര്‍ ആയിരുന്നു ഇമ്പിച്ചിക്കോയ തങ്ങള്‍. അദ്ദേഹത്തിന്റെ മകന്റെ കല്യാണം ഒരു വല്യച്ഛന്റെ സ്ഥാനത്തുനിന്നു കൊണ്ട് യേശുദാസ് നടത്തിക്കൊടുക്കുകയായിരുന്നു. രാവിലെ മുതല്‍ രാത്രി ഏറെ വൈകിയും ആ വീട്ടില്‍ കല്യാണത്തിന്റെ എല്ലാ ഒരുക്കങ്ങളും നടത്തിപ്പും നടത്തിക്കൊണ്ടാണ് അന്ന് ഗാനഗന്ധര്‍വ്വനെ കാണുന്നതെന്ന് മുഹമ്മദ് കുട്ടി ഹാജി ഓര്‍ക്കുന്നു. യേശുദാസിന്റെ സുഹൃത്തുക്കളായ പാട്ടുകാരി ആലപ്പുഴ റംലാബീഗവും ഒക്കെ അന്ന് കല്യാണപ്പന്തലില്‍ ഉണ്ടായിരുന്നു. അന്ന് യേശുദാസുമായി തുടങ്ങിയ സൗഹാര്‍ദ്ദം ഇന്നും തുടരുന്നതായി ഹാജി വെളിപ്പെടുത്തുന്നു.
ഇന്ത്യയിലും കേരളത്തിലും വന്നാല്‍ ഒക്കെ ഫോണ്‍ മുഖേനയോ നേരിട്ടോ ബന്ധപ്പെടാറുണ്ട്. 1985 മുതല്‍ മൂകാംബികയില്‍ യേശുദാസ് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന പാട്ടുകച്ചേരിക്ക് സ്ഥിരമായി ഹാജിയും തിരൂരിലെ സുഹൃത്തുക്കളും പോവാറുണ്ട്. യേശുദാസിന്റെ തിരൂരിലെ പ്രധാന സുഹൃത്തുക്കളിലൊരാള്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ അളിയന്‍ പിഎം സൈതലവി കോയ തങ്ങള്‍ ആണ്. അദ്ദേഹം മാനേജരായ തിരൂര്‍ സിറ്റി ഹോസ്പിറ്റലിന്റെ ഉടമകളില്‍ പ്രധാനിയാണ് കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി. സൈതലവി തങ്ങളുടെ വീട്ടില്‍ പലതവണ യേശുദാസും ഭാര്യയും വന്നിട്ടുണ്ട്. അപ്പോഴൊക്കെ മുഹമ്മദ് കുട്ടി ഹാജിയും ഭാര്യയും യേശുദാസിനെ അവിടെ പോയി കാണുകയും ഒരുപാട് നേരം സംസാരിച്ചിരിക്കുകയും ചെയ്തിരുന്നു. കാര്യങ്ങളെല്ലാം തിരക്കുന്ന, കുടുംബ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന നല്ല സുഹൃത്താണ് യേശുദാസ് എന്ന് ഹാജി അനുഭവത്തില്‍ നിന്നും വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കിലോ നോക്കിലോ സംസാരത്തിലോ ഒരിക്കലും അഹങ്കാരത്തിന്റെയും തന്‍ പോരിമയുടെയോ ഒരു ലാഞ്ചനയും കണ്ടിരുന്നില്ല. അളവറ്റ സ്‌നേഹം മാത്രമാണ് യേശുദാസിന്റെ മുഖമുദ്ര. പാട്ടുകാരെയും സംഗീതജ്ഞന്മാരെയും ഒക്കെ അങ്ങേയറ്റം അദ്ദേഹം പ്രോല്‍സാഹിപ്പിക്കുമായിരുന്നു. വലിപ്പ ചെറുപ്പങ്ങളില്ലാതെ എല്ലാവരുമായി ഇടപെട്ട നല്ല മനുഷ്യന്‍ എന്നാണ് ഹാജി ഇപ്പോഴും അദ്ദേഹത്തെക്കുറിച്ച് വിശേഷിപ്പിക്കുന്നത്.
സിറ്റി ഹോസ്പിറ്റലിലും ഒന്നിലധികം തവണ യേശുദാസ് എത്തിയിരുന്നു. തിരൂരിലെ സുഹൃത്തുക്കളൊക്കെയും അന്ന് ആശുപത്രിയില്‍ യേശുദാസിനെ കാണാനും അദ്ദേഹവുമായുള്ള സൗഹൃദം പങ്കുവയ്ക്കാനും എത്തിയിരുന്നതായി ഹാജി ഓര്‍ക്കുന്നു. സെയ്തലവി തങ്ങളുടെ വീട്ടില്‍വച്ചും സിറ്റി ആശുപത്രിയില്‍ വച്ചും യേശുദാസ് തന്റെ സുഹൃത്തുക്കള്‍ ആവശ്യപ്പെടുന്ന ഇഷ്ടഗാനങ്ങള്‍ പാടുമായിരുന്നു. യേശുദാസിനെ പറ്റി ചോദിക്കുമ്പോള്‍ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജിക്ക് പറയാനുള്ളത് ഏറ്റവും നല്ല മനുഷ്യസ്‌നേഹി, മതേതരവാദി എന്നൊക്കെയാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരെ വേലിക്കെട്ടുകള്‍ തീര്‍ത്ത് മല്‍സരിക്കുന്ന ഇക്കാലത്ത് യേശുദാസ് പുലര്‍ത്തുന്ന മതേതരത്വത്തിനും മനുഷ്യ സ്‌നേഹത്തിനും വലിയ അര്‍ത്ഥതലങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.