കൂടത്തായി കൊലപാതക പരമ്പര: റോയിയുടെ സഹോദരന്‍ റോജോ നാട്ടിലെത്തി
ഇന്ന് പുലര്‍ച്ചെ നാലിന് യുഎസില്‍ നിന്ന് ദുബയി വഴിയാണ് റോജോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ട പ്രകാരമാണ് റോജോ നാട്ടില്‍ എത്തിയത്.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ പരാതിക്കാരനും മരിച്ച ടോം തോമസിന്റെ ഇളയമകനും റോയിയുടെ സഹോദരനുമായ റോജോ നാട്ടിലെത്തി. ഇന്ന് പുലര്‍ച്ചെ നാലിന് യുഎസില്‍ നിന്ന് ദുബയി വഴിയാണ് റോജോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ട പ്രകാരമാണ് റോജോ നാട്ടില്‍ എത്തിയത്.
തുടര്‍ന്ന് പോലിസ് അകമ്പടിയോടെ റോജോയെ സഹോദരി റെഞ്ചി താമസിക്കുന്ന കോട്ടയം വൈക്കത്തെ വീട്ടില്‍ എത്തിച്ചു. റോജോയുടെ പരാതിയുടെയും മൊഴിയുടെയും വിവരാവകാശത്തിന്റെ പകര്‍പ്പും അടിസ്ഥാനമാക്കിയാണ് പോലിസ് കൂടത്തായി കേസ് പുനരന്വേഷിക്കുന്നത്. റെഞ്ചിയും റോജോയും ആവശ്യപ്പെട്ട പ്രകാരം ഇരുവര്‍ക്കും വന്‍ സുരക്ഷയും പോലിസ് ഒരുക്കിയിട്ടുണ്ട്. കേസില്‍ റോജോയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. കോഴിക്കോട് നിന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കോട്ടയത്തെത്തി മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് റോജോ കുടംബത്തിലെ ആറുപേരുടെ മരണവുമായി ബന്ധപ്പെട്ട് പോലിസില്‍ പരാതി നല്‍കിയത്.
അതേസമയം, കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാനായി പുലിക്കയത്തെ വീട്ടിലെത്തി ഇന്നലെ പോലിസ് നോട്ടീസ് കൈമാറി. മൂന്നാം വട്ടമാണ് ഷാജുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.ഷാജുവിന്റെ അച്ഛന്‍ സക്കറിയയോടും വടകര റൂറല്‍ എസ്പി ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.