കൂടത്തായി കൊലപാതക പരമ്പര: ജോളിയെയും കൂട്ടു പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും; കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് ക്രൈംബ്രാഞ്ച്

താമരശ്ശേരി കോടതിയിലാണ് പ്രതികളെ ഹാജരാക്കുക. പ്രതികളെ ഇന്ന് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Update: 2019-10-10 02:14 GMT

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളായ ജോളി ജോസഫ്, എം എസ് മാത്യു, പ്രജുകുമാര്‍ എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. താമരശ്ശേരി കോടതിയിലാണ് പ്രതികളെ ഹാജരാക്കുക. പ്രതികളെ ഇന്ന് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസന്‍ ഇന്നലെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പ്രതികളെ 11 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് അപേക്ഷയിലുള്ളത്. പൊന്നാമറ്റം തറവാട്ടിലെ ടോം തോമസ്, അന്നമ്മ, റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരപുത്രന്റെ ഭാര്യ സിലി, മകല്‍ അല്‍ഫൈന്‍ എന്നിവരുടെ മരണങ്ങളും റിമാന്‍ഡ് റിപ്പോര്‍ട്ടിലും കസ്റ്റഡി അപേക്ഷയിലും വ്യക്തമാക്കിയിട്ടുണ്ട്.

ഈ മരണങ്ങളില്‍ ജോളിയുടെയും മറ്റും കുറ്റം തെളിയിക്കാന്‍ കൂടുതല്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും ആവശ്യമുണ്ടെന്ന് പോലിസ് അപേക്ഷയില്‍ വ്യക്തമാക്കുന്നു. വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ്, എന്‍ഐടി, ബ്യൂട്ടിപാര്‍ലര്‍ തുടങ്ങി ജോളി പോയിരുന്ന സ്ഥലങ്ങളിലെത്തി തെളിവെടുപ്പിനാണ് ക്രൈംബാഞ്ചിന്റെ പദ്ധതി. അതേസമയം കേസിലെ പ്രതിയായ മാത്യുവിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കേസിലെ മുഖ്യപ്രതി ജോളിക്ക് വേണ്ടി അഡ്വ. ആളൂര്‍ വക്കാലത്ത് ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ ആളൂരിനെ സമീപിച്ചിട്ടില്ലെന്ന് ജോളിയുടെ സഹോദരനും വ്യക്തമാക്കിയിരുന്നു.

Tags:    

Similar News