കൂടത്തായി കൊലപാതക പരമ്പര: ജോളിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍
ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയത് ജ്വല്ലറി ജീവനക്കാരാണെന്ന് പോലിസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെയും അറസ്റ്റ് ചെയ്തത്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും പിതാവിനെയും ചോദ്യംചെയ്യലിനു ശേഷം നേരത്തെ വിട്ടയച്ചിരുന്നു.
വടകര: കോഴിക്കോട് കൂടത്തായിയില്‍ അടുത്ത ബന്ധുക്കളായ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ മരിച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി ജോളിയും ജ്വല്ലറി ജീവനക്കാരായ മാത്യു, മാത്യുവിന്റെ സുഹൃത്ത് പ്രജുകുമാര്‍ എന്നിവരുമാണ് അറസ്റ്റിലായത്. വടകര റൂറല്‍ എസ്പി ഓഫിസില്‍വച്ച് ചോദ്യം ചെയ്ത ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയത് ജ്വല്ലറി ജീവനക്കാരാണെന്ന് പോലിസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെയും അറസ്റ്റ് ചെയ്തത്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെയും പിതാവിനെയും ചോദ്യംചെയ്യലിനു ശേഷം നേരത്തെ വിട്ടയച്ചിരുന്നു.
മരിച്ചവരുടെ മൃതദേഹം കല്ലറകളില്‍നിന്ന് പുറത്തെടുത്ത് കഴിഞ്ഞദിവസം പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഫോറന്‍സിക് ലാബില്‍നിന്ന് ലഭിച്ചതിനുശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് നേരത്തെ തീരുമാനിച്ചതെങ്കിലും ഇവര്‍ കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ ശനിയാഴ്ച തന്നെ അറസ്റ്റ് രേഖപ്പെടുത്താമെന്നാണ് അന്വേഷണസംഘത്തിന് കിട്ടിയ നിയമോപദേശം.
2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറുപേര്‍ ഒരേസാഹചര്യത്തില്‍ മരിച്ചത്. കൂടത്തായിയിലെ റിട്ട.അധ്യാപികയായ അന്നമ്മ തോമസാണ് 2002 ഓഗസ്റ്റ് 22ന് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിന് പിന്നാലെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും ഇതിനുമൂന്നുവര്‍ഷത്തിന് ശേഷം ഇവരുടെ മകന്‍ റോയ് തോമസും മരിച്ചു. റോയ് തോമസിന്റെ ഭാര്യയായിരുന്നു ജോളി.
2014 ഏപ്രില്‍ 24ന് അന്നമ്മയുടെ സഹോദരനും അയല്‍വാസിയുമായ എംഎം മാത്യുവും സമാന സാഹചര്യത്തില്‍ മരിച്ചു. ഇതേവര്‍ഷം മെയ് ഒന്നിന് ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ ഒരു വയസ്സുള്ള മകള്‍ അല്‍ഫൈനയും ആശുപത്രിയില്‍ ചികിൽസയിലിരിക്കെ മരിച്ചു. 2016 ജനുവരി 11നാണ് അവസാനമരണം സംഭവിക്കുന്നത്. ഷാജുവിന്റെ ഭാര്യ ഫിലിയാണ് അന്ന് സമാനസാഹചര്യത്തില്‍ മരിച്ചത്. ഇതിനുപിന്നാലെ റോയ് തോമസിന്റെ ഭാര്യ ജോളിയും ഷാജുവും വിവാഹിതരായി.