കൂളിമാട് പാലം തകര്‍ച്ച: ഊരാളുങ്കലിന് മന്ത്രിയുടെ കര്‍ശന താക്കീത്; രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി

Update: 2022-06-17 08:58 GMT

കോഴിക്കോട്: ചാലിയാറിന് കുറുകെയുള്ള കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ ഊരാളുങ്കലിന് കര്‍ശന താക്കീത് നല്‍കി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ആവശ്യമായ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാവൂ എന്നും മന്ത്രി അറിയിച്ചു. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്കും അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കുമെതിരേയാണ് നടപടി.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്കാണ് നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയത്. പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം മന്ത്രിക്ക് അന്തിമറിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് മന്ത്രിയുടെ കര്‍ശന ഇടപെടല്‍. പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി വിജിലന്‍സ് ആദ്യം സമര്‍പ്പിച്ച റിപോര്‍ട്ട് മന്ത്രി തിരിച്ചയച്ചിരുന്നു. വിജിലന്‍സ് തയ്യാറാക്കിയ റിപോര്‍ട്ട് മടക്കിയത് കുറച്ചുകൂടി വ്യക്തത ആവശ്യമുള്ളതുകൊണ്ടാണെന്ന് മന്ത്രി നേരത്തെ പ്രതികരിച്ചത്. ടെക്‌നിക്കല്‍, മാന്വല്‍ വശങ്ങളും പരിശോധിക്കേണ്ടതുണ്ട്.

എല്ലാ വശങ്ങളും പരിശോധിച്ച് വ്യക്തത വരുത്തി റിപോര്‍ട്ട് നല്‍കാനാണ് പിഡബ്ല്യുഡി വിജിലന്‍സിനോട് ആവശ്യപ്പെട്ടതെന്നും റിയാസ് വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ മെയ് 16 നായിരുന്നു കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകള്‍ നിര്‍മാണത്തിനിടെ തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ പ്രവൃത്തിയുടെ ചുമതലയിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ കലാകായിക മേളയില്‍ പങ്കെടുക്കുകയായിരുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

Tags:    

Similar News