കൊട്ടാരക്കര ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദനയുടെ പേരിടുമെന്ന് മന്ത്രി വീണാ ജോര്‍ജ്
കൊല്ലം: വൗദ്യപരിശോധനയ്ക്കു കൊണ്ടുവന്ന അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ ഓര്‍മയ്ക്കായി കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേര് നല്‍കും. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വന്ദനയോടുള്ള ആദരസൂചകമായാണ് ബ്ലോക്കിന് പേര് നല്‍കുന്നതെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്നു ഡോ. വന്ദനാ ദാസ്. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ (കാളിപറമ്പ്) കെ ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളാണ് വന്ദന. പോലിസുകാരടക്കം കുത്തേറ്റ അഞ്ച് പേര്‍ ചികിത്സയിലാണ്. ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്. കുറ്റക്കാരായവര്‍ക്കെതിരെ മാതൃകപരമായ ശിക്ഷനടപടികള്‍ സീകരിക്കുന്നതിനൊപ്പം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം എന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ആശുപത്രികളില്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കുകയും, കസ്റ്റഡിയിലുള്ള പ്രതികളെ പരിശോധനയ്ക്ക് കൊണ്ടു വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ നിശ്ചയമായും പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.