കുട്ടികള്‍ക്ക് കൊവിഡ് പ്രതിരോധമരുന്ന്: ജില്ലാപഞ്ചായത്തിന്റെ 'ബാല്യം' പദ്ധതിക്ക് നിറമരുതൂര്‍ പഞ്ചായത്തില്‍ തുടക്കം

2 മുതല്‍ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നതാണ് 'ബാല്യം' പദ്ധതി.

Update: 2021-11-24 15:41 GMT

താനൂര്‍:കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കുട്ടികളില്‍ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി മലപ്പുറം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന 'ബാല്യം' പദ്ധതിക്ക് നിറമരുതൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. 2 മുതല്‍ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നതാണ് ബാല്യം പദ്ധതി. മൂന്ന് ആഴ്ചകളിലായി പ്രത്യേക ഇടവേളകളിലാണ് കുട്ടികള്‍ക്ക് മരുന്നുകള്‍ നല്‍കുക.ആയുര്‍വേദ ഡോക്ടര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍, അംഗനവാടി വര്‍ക്കര്‍മാര്‍, ആശ വോളന്റിയര്‍മാര്‍ മുഖേന കണ്ടെത്തുകയും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യുകയും ചെയ്ത നിറമരുതൂര്‍ ഗ്രാമ പഞ്ചായത്തിലെ 208 കുട്ടികള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ആയുര്‍വേദ മരുന്നുകള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ബാല്യം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വികെഎം ഷാഫി നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. അനിത ഫിലിപ്പ് പദ്ധതിയുടെ വിശദീകരണവും രക്ഷിതാക്കള്‍ക്കുള്ള നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ക്ലാസ്സും നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമോള്‍ കാവീട്ടില്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ വിബിത, ഗ്രാമപഞ്ചായത്തംഗങ്ങളായ സിപി സഹദുല്ല, വിവി സുഹറ, സിപി മനീഷ്, ശാന്തമ്മ ടീച്ചര്‍, ആബിദ പുളിക്കല്‍, ചാരാത്ത് കുഞ്ഞിപ്പ നാസര്‍, ഖദീജ തേക്കില്‍, പിവി പ്രേമലത സംസാരിച്ചു.

Tags:    

Similar News