കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിന് പിടിച്ചുതള്ളി (വീഡിയോ)

മുഖ്യമന്ത്രിയ്‌ക്കൊപ്പം വേദിയിലേക്ക് കയറുന്നതിനിടെയായിരുന്നു സംഭവം. കുഞ്ഞുമോന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. തിരക്ക് നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എംഎല്‍എയെ തിരിച്ചറിയാതെ പോയതാണെന്നാണ് കോവൂര്‍ കുഞ്ഞുമോനുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.

Update: 2021-03-25 14:31 GMT
കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിന് പിടിച്ചുതള്ളി (വീഡിയോ)

കൊല്ലം: കുന്നത്തൂരില്‍ എല്‍ഡിഎഫ് യോഗത്തിനെത്തിയ കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴുത്തിന് പിടിച്ചുതള്ളി. മുഖ്യമന്ത്രിയ്‌ക്കൊപ്പം വേദിയിലേക്ക് കയറുന്നതിനിടെയായിരുന്നു സംഭവം. കുഞ്ഞുമോന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. തിരക്ക് നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ എംഎല്‍എയെ തിരിച്ചറിയാതെ പോയതാണെന്നാണ് കോവൂര്‍ കുഞ്ഞുമോനുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Full View

എന്നാല്‍, എംഎല്‍എയെ അപമാനിച്ച ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നും മുഖ്യമന്ത്രി കുന്നത്തൂരിലെ വോട്ടര്‍മാരോട് മാപ്പുപറയണമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ഉല്ലാസ് കോവൂര്‍ പ്രതികരിച്ചു. 20 വര്‍ഷമായി ഈ നാട്ടിലെ ജനപ്രതിനിധി ആയിരുന്നു കുഞ്ഞുമോന്‍. ഈ നാടുമുഴുവന്‍ അദ്ദേഹത്തിന്റെ പോസ്റ്ററുകളും ഫഌക്‌സുകളുമുണ്ട്. ആ കുഞ്ഞുമോനെ ഈ നാട്ടില്‍വച്ച് ഇങ്ങനെ അക്രമിക്കാമെങ്കില്‍ ഈ നാട്ടിലെ സാധാരണക്കാരന്റെ ആത്മാഭിമാനത്തിന് എന്ത് വിലയാണുള്ളത്.

ഒരു എംഎല്‍എ എന്ന നിലയില്‍ കുഞ്ഞുമോനോട് എന്തൊക്കെ വിയോജിപ്പുകളുണ്ടെങ്കിലും, എന്റെ ഇല്ലായ്മകളെ അദ്ദേഹം പരസ്യമായി പരിഹസിച്ചിട്ടുണ്ടെങ്കിലും നിലവില്‍ അദ്ദേഹം ഈ നാടിന്റെ ജനപ്രതിനിധിയാണ്. അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അപമാനിക്കുന്നത് ഈ നാട്ടിലെ ഓരോ സാധാരണക്കാരനും നേരെയുള്ള അപമാനമാണെന്നും ഉല്ലാസ് കോവൂര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഞ്ഞുമോന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച് പുറകോട്ടുതള്ളിയ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയും പ്രതിരിച്ചു. ഇത് കണ്ടിട്ടും മുഖ്യമന്ത്രി പാലിച്ച മൗനം അങ്ങേയറ്റം നിരാശപ്പെടുത്തി. രാഷ്ട്രീയമായി എതിര്‍ചേരിയിലാണെങ്കിലും കുഞ്ഞുമോന്റെ മേല്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പൊതുമധ്യത്തില്‍ കൈവെച്ചത് കുന്നത്തൂരെ മുഴുവന്‍ ജനങ്ങളേയും അപമാനിച്ചതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News