കോഴിക്കോട് കനത്ത മഴ; കുറ്റിയാടി ചുരത്തില്‍ ഉരുള്‍ പൊട്ടല്‍, അടിവാരം ടൗണില്‍ വെള്ളം കയറി
കുറ്റിയാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ എന്നിവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്
കോഴിക്കോട്: ജില്ലയില്‍ തീര പ്രദേശത്തും മലയോര മേഖലയിലും കനത്ത മഴ. നഗരത്തില്‍ ഉള്‍പ്പെടെ പലയിടത്തും വെള്ളക്കെട്ടുണ്ടായി. രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. വനാതിര്‍ത്തിയില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ടോ എന്ന് സംശയുണ്ട്. കുറ്റിയാടി, മരുതോംകര, കായക്കൊടി, കാവിലുംപാറ എന്നിവിടങ്ങളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അടിവാരത്ത് ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്. അടിവാരം ടൗണില്‍ വെള്ളം കയറി. നഗരത്തിലെ കടകളില്‍ പലതിലും വെള്ളം കയറി. കോഴിക്കോട് നഗരത്തിലും ശക്തമായ മഴയാണ് പെയ്യുന്നത്.
അതിനിടെ, മണിക്കൂറുകള്‍ നീണ്ട മഴയില്‍ കുറ്റിയാടി ചുരത്തില്‍ വ്യാപക മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലുമുണ്ടായി. വെള്ളുവം കുന്ന് മലയില്‍ ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് വയനാട് റോഡിലേക്ക് കല്ലും മണ്ണും ഒലിച്ചെത്തി ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ മഴ വൈകുന്നേരം വരെ നീണ്ട് നിന്നതോടെയാണ് ഉരുള്‍ പൊട്ടിയത്. മൂന്നാം വളവില്‍ മണ്ണിടിച്ചിലുണ്ടായി. മരം വീഴുകയും ചെയ്തു. ഇതോടെ പലരും വഴിയില്‍ പെട്ടു. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചതായി കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് മാസ്റ്റര്‍ പറഞ്ഞു. പത്ത് കുടുംബങ്ങളെ ചാത്തന്‍കോട്ട് നട സ്‌കൂളിലും പൂതംപാറ സ്‌കൂളിലുമായി താല്‍ക്കാലികമായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഗതാഗതം ഉടന്‍ പുന:സ്ഥാപിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പൂതം പാറ പരപ്പു പാലത്തിന് സമീപം മലയില്‍ ഉരുള്‍ പൊട്ടി. റോഡ് തകര്‍ന്ന് വയനാട് റോഡ് ബ്ലോക്കായിരിക്കുന്നു.
അതേസമയം സംസ്ഥാനത്തെ കൂടുതല്‍ ജില്ലകളില്‍ ഇന്ന് തീവ്രമഴമുന്നറിയിപ്പ് പുറപ്പെടുവിച്ചട്ടുണ്ട്. എട്ട് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നിലവില്‍ കോമറിന്‍ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിക്കുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്ക് -പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.