കോഴിക്കോട് രോഗി മരിച്ച സംഭവം; ചികിത്സിച്ചത് എംബിബിഎസ് തോറ്റ ഡോക്ടറെന്ന് ആരോപണം
കോഴിക്കോട്: ഫറോക്ക് കോട്ടക്കടവിലെ ടിഎംഎച്ച് ആശുപത്രിയിലെ ആര്‍എംഒ ആയി പ്രവര്‍ത്തിച്ച ഡോക്ടര്‍ക്കെതിരെ ഗുരുതര ആരോപണം. തിരുവല്ല സ്വദേശി അബു എബ്രഹാം ലൂക്കിനെതിരെയാണ് ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ ബന്ധുക്കള്‍ ആരോപണവുമായി എത്തിയത്.
സെപ്റ്റംബര്‍ 27ന് മരിച്ച വിനോദ് കുമാര്‍ എന്ന വ്യക്തിയെ ചികിത്സിച്ചത് എംബിബിഎസ് തോറ്റ ഡോക്ടര്‍ ആണെന്നാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്നും മരിച്ച വ്യക്തിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. 2018 മുതല്‍ അബു എബ്രഹാം ലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.
മരിച്ച വ്യക്തിയുടെ മരുമകള്‍ അബുവിന്റെ ജൂനിയറായി 2011ല്‍ മുക്കം കെഎംസിസി മെഡിക്കല്‍ കോളജില്‍ പഠിച്ചിരുന്നുവെന്നും, എന്നാല്‍ അബു രണ്ടാം വര്‍ഷത്തോടെ പഠനം അവസാനിപ്പിച്ചുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നു. അതേസമയം വിഷയത്തില്‍ മരിച്ച വ്യക്തിയുടെ ബന്ധുക്കളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണം ഉടന്‍ ആരംഭിക്കുമെന്നുമാണ് പോലിസ് പറയുന്നത്.