ശ്രോതാക്കളെ നിരാശരാക്കി കോഴിക്കോട് റിയല്‍ എഫ്എം നിര്‍ത്തലാക്കി; കേള്‍ക്കുന്നത് തിരുവനന്തപുരത്തു നിന്നുള്ള വിവിധ് ഭാരതി റിലേ- പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് റേഡിയോ ലിസണേഴ്‌സ് അസോസിയേഷന്‍

പരസ്യവരുമാനത്തില്‍ കണക്കനുസരിച്ചു റിയല്‍ എഫ്എമ്മിന് കേരളത്തില്‍ രണ്ടാം സ്ഥാനമാണ് നിലവിലുള്ളത്. നല്ല പരസ്യവരുമാനമുള്ള നിലയത്തെ റിലേ സ്‌റ്റേഷനാക്കാനുള്ള തീരുമാനത്തിനു പിന്നില്‍ ചില സ്ഥാപിത താല്‍പ്പര്യങ്ങളാണുള്ളത്

Update: 2022-01-02 16:04 GMT

കോഴിക്കോട്: ശ്രോതാക്കളെ നിരാശരാക്കി കോഴിക്കോട് റിയല്‍ എഫ്എം നിര്‍ത്തലാക്കി പകരം കേള്‍പ്പിക്കുന്നത് തിരുവനന്തപുരത്തു നിന്നുള്ള വിവിധ് ഭാരതി റിലേ. 'ആകാശവാണി,'103.6 റിയല്‍ എഫ്എം കേള്‍ക്കാതിരിക്കുന്നതെങ്ങിനെ!'.. എന്ന മന്ത്രണം ഇനി കേള്‍ക്കാനാകില്ല. പുതുവര്‍ഷത്തില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ലക്ഷകണക്കിന് ശ്രോതാക്കളെ നിരാശരാക്കിക്കൊണ്ട് കോഴിക്കോടിന്റെ ശബ്ദമായ റിയല്‍ എഫ് എമ്മിലെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നിര്‍ത്തലാക്കി റിലേ കേന്ദമാക്കി മാറ്റിയത്. തിരുവനന്തപുരത്തുനിന്നും വിവിധ് ഭാരതി എന്ന പേരില്‍ പരിപാടികള്‍ കേള്‍പ്പിച്ചു തുടങ്ങി. ഇന്നു രാവിലെ ഒന്‍പതുമണിക്കുശേഷം റിലേ പരിപാടികളാണ് നിലയത്തില്‍ നിന്നും പ്രക്ഷേപണം ചെയ്തത്. ഇത് സംബന്ധിച്ച ഉത്തരവ് പ്രസാര്‍ഭാരതിയില്‍ നിന്നും പെട്ടന്നാണ് ഉണ്ടായത് എന്ന് നിലയം അധികൃതരുമായി സംസാരിച്ചപ്പോള്‍ അറിയിച്ചു.

ഇവിടെനിന്നും ഇനി കൊച്ചി, കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിലെ നിലയങ്ങളില്‍ നിന്നുള്ള പരിപാടികളുടെ റിലേ മാത്രമാണ് കേള്‍പ്പിക്കുക. ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരം നടത്തുമെന്ന് അഖില കേരള റേഡിയോ ലിസണേഴ്‌സ് അസോസിയേഷന്‍(എകെആര്‍എല്‍എ)മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു. കേരളത്തിലെ വിവിധ നിലയങ്ങള്‍ റിലേ കേന്ദ്രങ്ങളാക്കാനുള്ള തീരുമാനം കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തയായിരുന്നപ്പോള്‍ എകെആര്‍എല്‍എ വ്യാപകമായി പ്രതിഷേധ സമരങ്ങള്‍ നടത്തി തീരുമാനം പിന്‍വലിപ്പിക്കുകയായിരുന്നു. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ കോഴിക്കോട് എഫ്എം നിലയം റിലേ കേന്ദ്രമാക്കി മാറ്റുകയാണുണ്ടായിരിക്കുന്നത്. കോഴിക്കോടും സമീപ ജില്ലകളിലും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും നാട്ടിലും വിദേശത്തും നിരവധി ശ്രോതാക്കളാണ് കോഴിക്കോട് റിയല്‍ എഫ്എം നിലയത്തിനുള്ളത്. കോഴിക്കോട് നഗരത്തിന്റെ മുക്കിലും മൂലയിലും ഈ നിലയത്തില്‍ നിന്നുമുള്ള പരിപാടികള്‍ ആസ്വദിക്കുന്ന ജനങ്ങളെ കാണാന്‍ കഴിയും. ജനം നെഞ്ചിലേറ്റിയ ഹലോ ഇഷ്ട ഗാനം, പഴയ കാല ഗാനങ്ങള്‍ക്ക് മാത്രമായുള്ള 'ഓര്‍മ്മയില്‍ എന്നെന്നും, ദില്‍ സേ ദില്‍ തക്, ഗാനമാലിക, പ്രിയ ഗീതം, എഫ്എം ചോയ്‌സ്, ഓര്‍മ്മച്ചെപ്പ്, ശ്രുതിലയം, മഴവില്ല്, രീരം, ഗോള്‍ഡന്‍ഹവര്‍, മാപ്പിളപ്പാട്ടിന്റെ ശീലുകള്‍ നിറയുന്ന മൊഞ്ചും മൊഴിയും, കരിയര്‍ ക്വിസ്, സീന്‍ ആന്‍ഡ് സോങ് വാട്‌സ് ആപ് ഇഷ്ടഗാനങ്ങള്‍, മറുനാടന്‍ വിശേഷങ്ങള്‍, സസ്‌നേഹം, മധുരമീ നഗരം, ഇങ്ങനെ നിരവധി ജനപ്രിയ പരിപാടികളാണ് റിയല്‍ എഫ്എമ്മില്‍ നിന്നും പ്രക്ഷേപണം ചെയ്തിരുന്നത്.

പരസ്യവരുമാനത്തില്‍ കണക്കനുസരിച്ചു റിയല്‍ എഫ്എമ്മിന് കേരളത്തില്‍ രണ്ടാം സ്ഥാനമാണ് നിലവിലുള്ളത്. നല്ല പരസ്യവരുമാനമുള്ള നിലയത്തെ റിലേ സ്‌റ്റേഷനാക്കാനുള്ള തീരുമാനത്തിനു പിന്നില്‍ ചില സ്ഥാപിത താല്‍പ്പര്യങ്ങളാണുള്ളത്. മലബാറിലെ മുഴുവന്‍ ആകാശവാണി നിലയങ്ങളും ഇല്ലാതാക്കാനുള്ള സൂചനയാണ് റിയല്‍ എഫ്എം നിര്‍ത്തലാക്കിയതിലൂടെ മനസിലാക്കാന്‍ കഴിയുന്നത് എന്നും എകെആര്‍എല്‍എ അഭിപ്രായപ്പെട്ടു. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുവാനും തയ്യാറെടുക്കുകയാണെന്ന് എകെആര്‍എല്‍എ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ കെ കുഞ്ഞാണി തെഞ്ചീരിയും സെക്രട്ടറി ടി എന്‍ ഷാജി എക്കാപ്പറമ്പും അറിയിച്ചു.

Tags:    

Similar News