പ്രമുഖ പണ്ഡിതനും സമസ്ത നേതാവുമായ കെ പി സി തങ്ങള്‍ വല്ലപ്പുഴ അന്തരിച്ചു

Update: 2024-07-15 17:25 GMT

പാലക്കാട്: പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ കെ പി സി തങ്ങള്‍ വല്ലപ്പുഴ(70) അന്തരിച്ചു. സയ്യിദ് ഹാഷിം മുത്തുക്കോയ തങ്ങള്‍-സയ്യിദത്ത് കുഞ്ഞി ബീവി ദമ്പതികള്‍ മകനായി 1952ല്‍ കുളത്തൂരാണ് ജനനം. മദ്റസയിലും എല്‍പി സ്‌കൂളിലുമായി പ്രാഥമിക പഠനത്തിന് ശേഷം പൂക്കാട്ടിരി, ചെറുകര, വണ്ടുംതറ, എടപ്പലം എന്നിവിടങ്ങളിലെ ദര്‍സുകളിലും പൊട്ടിച്ചിറ അന്‍വരിയ്യ അറബിക് കോളജിലുമായിരുന്നു പഠനം. 1975ല്‍ ജാമിഅ നൂരിയ അറബിക് കോളജിലും ചേര്‍ന്ന് പഠിച്ചു.

    ചെമ്മന്‍കുഴി, ചെറുകോട്, മേലെ പട്ടാമ്പി എന്നിവിടങ്ങളിലായി 25 വര്‍ഷം ദര്‍സ് നടത്തി. ഇപ്പോള്‍ വല്ലപ്പുഴ ദാറുന്നജാത്തില്‍ അധ്യാപനം നടത്തിക്കൊണ്ടിരിക്കുന്നു. 2008ല്‍ മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജംഇയ്യത്തുല്‍ ഉലമയുടെ ജില്ല വൈസ് പ്രസിഡന്റും താലൂക്ക് പ്രസിഡന്റുമാണ്. വല്ലപ്പുഴ ദാറുന്നജ്ജാത്ത് ചെയര്‍മാനും, പട്ടിക്കാട് ജാമിഅ, പൊട്ടിച്ചിറ അന്‍വരിയ്യ കോളജുകളുടെ കമ്മിറ്റി അംഗവുമാണ്. വരവൂര്‍, മരുതൂര്‍, അപ്പംകണ്ടം, എരവത്ര, കല്ലട്ടുപാലം, പൂവക്കോട്, വല്ലപ്പുഴ മാട്ടായി, സിദ്ദീഖിയ്യ ജുമുഅമസ്ജിദ് ചെറുകോട്, തഖ് വ ജുമുഅ മസ്ജിദ് തിയ്യാട്, മൈലാടിപ്പാറ, തിത്തിപ്പടി ഇരുങ്കുറ്റൂര്‍, ചേര്‍പ്പുളശ്ശേരി എലിയപറ്റ ചേരികല്ല്, മുണ്ടകോട്ട്കുറുശ്ശി, കള്ളാടിപ്പറ്റ, കുറ്റിക്കോട്, പട്ടിത്തറ, കൈലിയാട് ബദ്രിയ്യ, അത്താണി, കൂറ്റനാട് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഖാസിയായിരുന്നു.

    ഭാര്യ: സയ്യിദ് ബല്‍ക്കീസ് ആറ്റ ബീവി ശരീഫ. മക്കള്‍: സയ്യിദ് അബ്ദുറഹ്‌മാന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ ബുഖാരി ഫൈസി(ജംഇയ്യത്തുല്‍ മുദരിസീന്‍ പാലക്കാട് ജില്ലാ പ്രസിഡന്റ്), സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ അല്‍ ബുഖാരി ഫൈസി(ജംഇയ്യത്തുല്‍ ഖുതുബാഅ് പാലക്കാട് ജില്ല ഖജാഞ്ചി), സയ്യിദ് മുഹമ്മദ് ഹാഷിം തങ്ങള്‍ അല്‍ ബുഖാരി ഹുദവി(എസ്‌കെഎസ്എസ്എഫ് സംസ്ഥാന കൗണ്‍സിലര്‍). ഖബറടക്കം നാളെ രാവിലെ എട്ടിന് ല്ലപ്പുഴ ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലക്‌സില്‍.

Tags:    

Similar News