മൂന്ന് കോടി ഡോസ് വാക്‌സിന്‍ വാങ്ങാന്‍ ഒരുങ്ങി കേരളം; ആഗോള ടെണ്ടര്‍ വിളിച്ചു
സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനാണ് ടെണ്ടര്‍ വിളിച്ചത്.
തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി കേരളം. മൂന്ന് കോടി ഡോസ് വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാനം ആഗോള ടെണ്ടര്‍ വിളിച്ചു. ടെണ്ടര്‍ ഇതിനോടകം നിലവില്‍ വന്നു കഴിഞ്ഞു. ജൂണ്‍ അഞ്ചിന് ടെണ്ടര്‍ തുറക്കും. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനാണ് ടെണ്ടര്‍ വിളിച്ചത്.
കേന്ദ്രസര്‍ക്കാരില്‍ നിന്നും ആവശ്യമായ വാക്‌സിന്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് വാക്‌സിന് വേണ്ടി പുതിയ വഴികള്‍ കേരളം തേടാന്‍ ആരംഭിച്ചത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ ആഗോള ടെന്‍ഡര്‍ വഴി വാക്‌സിന്‍ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ട്. ഇതേ പാതയിലാണ് കേരളവും.
വന്‍തോതില്‍ ഡോസ് വാങ്ങുമ്പോള്‍ വിലയില്‍ കാര്യമായ കുറവുണ്ടാകുമെന്നും വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ആഗോളടെണ്ടര്‍ വിളിച്ച് വാക്‌സിന്‍ വാങ്ങാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.