'പറക്കുംതളിക'യിലെ 'താമരാക്ഷന്‍ പിള്ള'യായി കെഎസ്ആര്‍ടിസിയുടെ കല്യാണ ഓട്ടം

Update: 2022-11-06 09:48 GMT

കൊച്ചി: 'ഈ പറക്കും തളിക' എന്ന ചിത്രം കണ്ട് ചിരിക്കാത്ത മലയാളികള്‍ ഉണ്ടോ എന്ന് സംശയമാണ്. ദിലീപ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ ടീം ചേര്‍ന്നൊരുക്കിയ ഹാസ്യത്തിന്റെ വെടിക്കെട്ട് എത്രകണ്ടാലും മതിവരില്ല. സിനിമയില്‍ നായകന്‍ ദിലീപായിരുന്നെങ്കിലും കേന്ദ്രകഥാപാത്രം ഒരു ബസ്സായിരുന്നു. 'താമരാക്ഷന്‍ പിള്ള' എന്ന തരികിട ശകടം. 'താമരാക്ഷന്‍ പിള്ള'യെയും കല്യാണ ഓട്ടവും ഇന്നും മലയാളികളുടെ മനസ്സില്‍ ചിരിയുണര്‍ത്തുന്ന ഓര്‍മകളാണ്. എന്നാലിപ്പോള്‍ കോതമംഗലത്ത് 'ഈ പറക്കുംതളിക' മോഡല്‍ കല്യാണ ഓട്ടം നടത്തി 'താമരാക്ഷന്‍ പിള്ള'യെ അനുസ്മരിപ്പിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി.

കോതമംഗലം നെല്ലിക്കുഴിയില്‍ നടന്ന ഒരു കല്യാണത്തില്‍ യാത്രയ്ക്കായി വാടകയ്‌ക്കെത്തിയ കെഎസ്ആര്‍ടിസി ബസ്സിനെ 'പറക്കും തളിക' മോഡലില്‍ അലങ്കരിച്ചതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മരച്ചില്ലകളെല്ലാം കെട്ടിവച്ചായിരുന്നു ബസ് 'അലങ്കരിച്ചിരുന്നത്'. വാഴയും തെങ്ങോലകളും ചെടികളും വച്ച് കെട്ടിയിട്ടുണ്ട്. മരച്ചില്ലകള്‍ പുറത്തേക്ക് തള്ളി നല്‍ക്കും വിധം ബസ്സില്‍ കെട്ടിവച്ചിരുന്നു. ബസ്സിന്റെ മുന്‍വശം ഉള്‍പ്പെടെ ഇങ്ങനെ അലങ്കരിച്ചിട്ടുണ്ട്. ബസ്സിന് മുന്നില്‍ സിനിമയിലേതിന് സമാനമായി 'താമരാക്ഷന്‍ പിളള' എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു.

കെഎസ്ആര്‍ടിസി എന്ന് എഴുതിയിരുന്ന ഇടത്താണ് 'താമരാക്ഷന്‍ പിളള' എന്ന് എഴുതിയത്. യാത്രയ്ക്ക് പുറപ്പെടാനൊരുങ്ങി നില്‍ക്കുന്ന ബസ്സിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. കോതമംഗലം നെല്ലിക്കുഴിയില്‍ നിന്ന് അടിമാലി ഇരുമ്പുപാലത്തേക്കാണ് ബസ് സര്‍വീസ് നടത്തിയത്. കോതമംഗലം ഡിപ്പോയിലേതായിരുന്നു ബസ്. രണ്ടുദിവസം മുമ്പാണ് രമേശ് എന്നയാള്‍ കല്യാണ ഓട്ടം ബുക്ക് ചെയ്തതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

സിനിമയിലേതിന് സമാനമായി ബസ്സിന് ചുറ്റും മരച്ചില്ലകള്‍ വച്ചുകെട്ടുകയായിരുന്നു. ബ്രസീല്‍, അര്‍ജന്റീന പതാകകളും ബസ്സിന് മുന്നില്‍ കെട്ടി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ചില പൊതുപ്രവര്‍ത്തകരാണ് കോതമംഗലം പോലിസിനെ വിവരം അറിയിച്ചത്. മോട്ടോര്‍ വാഹന വകുപ്പിനും ദൃശ്യങ്ങള്‍ കൈമാറി. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അപകടകരമായ രീതിയിലാണ് ബസ് അലങ്കരിച്ചതെന്ന് ആക്ഷേപമാണ് പലരും ഉന്നയിക്കുന്നത്.

Tags:    

Similar News