ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും; നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ് ആര്‍ടിസിയില്‍ നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി. രണ്ട് ദിവസത്തെ ദേശീയ പണി മുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും. പണിമുടക്ക് ദിവസം ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും കെഎസ്ആര്‍ടിസിയില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരുന്നില്ല. ശമ്പള പ്രശ്‌നത്തില്‍ ഈ മാസം 5 ന് പണിമുടക്കിയ ജീവനക്കാരുടെയും വേതനം പിടിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനൊപ്പമാണ് ദേശീയ പണി മുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കാനും തീരുമാനിച്ചത്.
തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പണിമുടക്കിയ ജീവനക്കാരുടെ കണക്ക് എടുത്തു തുടങ്ങി. പണിമുടക്കിന് തലേന്നും പിറ്റേന്നും മുന്‍കൂട്ടി അറിയിക്കാതെ ജോലിക്ക് ഹാജരാവത്തവര്‍ക്കും വൈകി എത്തിയവര്‍ക്കും എതിരെയും നടപടി ഉണ്ടാകും. തിങ്കളാഴ്ച തന്നെ ജോലിക്കെത്താത്തവരുടെ പട്ടിക സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ശമ്പള ഇനത്തില്‍ 12 കോടിയിലേറെ രൂപ ലാഭിക്കാമെന്നാണ് കണക്ക് കൂട്ടല്‍.