കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരം: സര്‍വീസുകള്‍ മുടങ്ങില്ല

Update: 2022-06-06 02:29 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുതല്‍ തൊഴിലാളികളുടെ അനിശ്ചിതകാല സമരം. ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് ചീഫ് ഓഫീസിന് മുന്നിലെ പ്രതിഷേധം. കെഎസ്ആര്‍ടിസിയുടെ നവീകരണത്തിനായി ബദല്‍ രേഖയും സിഐടിയു ഇന്ന് മുന്നോട്ടുവെക്കും.

ഈ മാസം 20ന് മുന്‍പ് ശമ്പളം നല്‍കാന്‍ നിര്‍വാഹമില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തൊഴിലാളി നേതാക്കളെ അറിയിച്ചിരുന്നു. ശമ്പള വിതരണത്തിലെ പാളിച്ചയും കെടുകാര്യസ്ഥതയും ഉന്നയിച്ച് പ്രതിഷേധം മാനേജ്‌മെന്റിനെതിരെ കടുപ്പിക്കുകയാണ് യൂണിയനുകള്‍. ഭരണാനുകൂല സംഘടനയായ സിഐടിയു ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കും. ട്രാന്‍സ്‌പോര്‍ട്ട ഭവന് മുന്നിലെ സമരം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും.

കെഎസ്ആര്‍ടിസിയുടെ നവീകരണത്തിനായി ബദല്‍ രേഖയും സിഐടിയു ഇന്ന് അവതരിപ്പിക്കും. ചീഫ് ഓഫീസിന് മുന്നില്‍ ഐഎന്‍ടിയുസി ഇന്ന് തുടങ്ങുന്ന അനിശ്ചിതകാല രാപ്പകല്‍ സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. എഐടിയുസി നാളെ മുതല്‍ മഹാ കണ്‍വെന്‍ഷനുകള്‍ നടത്തും. മെയ് മാസത്തെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് കഴിഞ്ഞ വാരം വിളിച്ച യോഗം മൂന്ന് അംഗീകൃത യൂണിയനുകളും ബഹിഷ്‌കരിച്ചിരുന്നു.

മെയ് മാസത്തില്‍ ശമ്പളം നല്‍കാനായി 65 കോടിയുടെ സഹായമാണ് മാനേജ്‌മെന്റ് സര്‍ക്കാരിനോട് തേടിയത്. പ്രതിമാസ വരുമാനം 193 കോടി രൂപ ആയിട്ടും ശമ്പളം വൈകുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. എങ്കിലും പ്രതിസന്ധി കാലത്ത് തത്കാലം പണിമുടക്കാനില്ലെന്നും യൂണിയനുകള്‍ വ്യക്തമാക്കി.

Tags:    

Similar News