നാടകാന്തം കുഞ്ഞമ്മദ് കുട്ടി; കുറ്റിയാടി കലങ്ങി മറിയുന്നു
ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിച്ച എ എ റഹീം, എ പ്രദീപ് കുമാര്‍ അടക്കമുള്ള പേരുകള്‍ തള്ളിയാണ് കുഞ്ഞമ്മദ് കുട്ടിയെ തന്നെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം.
പി സി അബ്ദുല്ല
കോഴിക്കോട്: അണികള്‍ സിപിഎമ്മിനെ തിരുത്തിയ കുറ്റിയാടിയില്‍ ഒടുവില്‍ കെ പി കുഞ്ഞമ്മദ് കുട്ടിയെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ നേതൃത്വം വഴങ്ങി. കുഞ്ഞമ്മദ് കുട്ടിക്കെതിരേ ആദ്യാവസാനം ഉറച്ച നിലപാടെടുത്ത സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന് കനത്ത പ്രഹരമേല്‍പിച്ചാണ് കുഞ്ഞമ്മദ് കുട്ടിയുടെ സ്ഥാനാര്‍ഥിത്വമെന്നത് മേഖലയില്‍ പാര്‍ട്ടി നേരിടാന്‍ പോവുന്ന അന്ത ഛിദ്രങ്ങളുടെ സൂചനയാണ്.
ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിച്ച എ എ റഹീം, എ പ്രദീപ് കുമാര്‍ അടക്കമുള്ള പേരുകള്‍ തള്ളിയാണ് കുഞ്ഞമ്മദ് കുട്ടിയെ തന്നെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം. മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകര്‍ 2016 മുതല്‍ ആവശ്യപ്പെടുന്നതാണ് കുഞ്ഞമ്മദ് കുട്ടിയുടെ സ്ഥാനാര്‍ഥിത്വം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞമ്മദ് കുട്ടിയെ വെട്ടി പി മോഹനന്റെ ഭാര്യയെ സ്ഥാനാര്‍ഥിയാക്കി. ഫലം കാല്‍ ധൂറ്റാണ്ട് ഇടതു മുന്നണി കൈ വശം വച്ച മണ്ഡലം നഷ്ടമായി.ഇത്തവണ കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ഉറച്ച പ്രതീക്ഷ. എന്നാല്‍, കുഞ്ഞമ്മദ് കുട്ടി സ്ഥാനാര്‍ഥിയാവാതിരിക്കാന്‍ ജില്ലാ സെക്രട്ടറി താല്‍പര്യമെടുത്ത് മണ്ഡലം മാണി കോണ്‍ഗ്രസിന് ദാനം ചെയ്തു.
പാര്‍ട്ടി അച്ചടക്കത്തിന്റെ വാള്‍ മുനയില്‍ അണികള്‍ അടങ്ങിയിരിക്കുമെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാല്‍, പി മോഹനനടക്കമുള്ളവരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് പ്രവര്‍ത്തകരുടെ വികാരം പ്രതിഷേധക്കൊടുങ്കാറ്റായി.
കുറ്റിയാടിയില്‍ അണപൊട്ടിയ അണികളുടെ പ്രതിഷേധത്തിനു മുന്‍പില്‍ സിപിഎം പത്തിമടക്കി. കേരള കോണ്‍ഗ്രസിന് ദാനം ചെയ്ത സീറ്റ് കഴിഞ്ഞ ദിവസം സിപിഎം തിരിച്ചെടുത്തു. കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സീറ്റ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. കുറ്റിയാടിയിലെ പുതിയ തീരുമാനം സിപിഎമ്മിന് ചരിത്ര പരമായ നാണക്കേടാണു സമ്മാനിച്ചത്. പാര്‍ട്ടി തീരുമാനം അണികള്‍ പ്രതിഷേധിച്ചാലും തിരുത്തില്ലെന്ന നേതൃത്വത്തിന്റെ ധാര്‍ഷ്ട്യവും കുറ്റിയാടിയില്‍ തകര്‍ന്നടിഞ്ഞു.
കേരള കോണ്‍ഗ്രസിനു സീറ്റ് നല്‍കിയത് പുനരാലോചിക്കില്ലെന്നായിരുന്നു അവസാന നിമിഷം വരെയുള്ള പാര്‍ട്ടി നിലപാട്. എന്നാല്‍, കുറ്റിയാടി മറ്റൊരു ഒഞ്ചിയമാവുമെന്ന തിരിച്ചറിവ് തീരുമാനം തിരുത്താന്‍ നേതൃത്വത്തെ നിര്‍ബന്ധിതമാക്കി.