കുറ്റ്യാടി: സിപിഎമ്മില്‍ അരങ്ങേറിയത് കുഞ്ഞമ്മദ് കുട്ടിയോടുള്ള കുടിപ്പക

കെ പി കുഞ്ഞമ്മദ് കുട്ടിയോടുള്ള സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ കുടിപ്പകയാണ് മണ്ഡലം മാണി കേരള കോണ്‍ഗ്രസിന് കൈമാറിയതിന് പിന്നിലെന്ന സൂചനകളാണ് പുറത്തു വരുന്നത്.

Update: 2021-03-10 05:21 GMT

പി സി അബ്ദുല്ല

കോഴിക്കോട്: കുറ്റിയാടിയില്‍ എലിയെ കൊല്ലാന്‍ ഇല്ലം ചുടുകയാണ് സിപിഎം ചെയ്തതെന്ന ആരോപണം ശക്തം. കെ പി കുഞ്ഞമ്മദ് കുട്ടിയോടുള്ള സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ കുടിപ്പകയാണ് മണ്ഡലം മാണി കേരള കോണ്‍ഗ്രസിന് കൈമാറിയതിന് പിന്നിലെന്ന സൂചനകളാണ് പുറത്തു വരുന്നത്.

കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ പി മോഹനന്റെ ഭാര്യ കെ കെ ലതിക കുറ്റിയാടിയില്‍ പരാജയപ്പെട്ടത് സിപിഎമ്മിനും പ്രത്യേകിച്ച് പി മോഹനനും കനത്ത ആഘാതമാണ് വരുത്തിയത്. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ലതിക മന്ത്രിയാവുമെന്ന ഉറച്ച കണക്കു കൂട്ടലിലായിരുന്നു അവരുടെ കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ഥിത്വം.

സിറ്റിങ് എംഎല്‍എ ആയിരുന്ന ലതികക്കെതിരേ അണികളിലും മണ്ഡലത്തിലെ പാര്‍ട്ടി ഘടകങ്ങളിലും കടുത്ത അഭിപ്രായ വ്യാസങ്ങള്‍ ഉയര്‍ന്നിരുന്നു. കെ പി കുഞ്ഞമ്മദ് കുട്ടിയെ കുറ്റിയാടിയില്‍ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റേയും അണികളുടേയും പൊതു വികാരം.

എന്നാല്‍, എതിര്‍പ്പുകള്‍ അവഗണിച്ച് ലതികയെ നേതൃത്വം സ്ഥാനാര്‍ഥിയായി അടിച്ചേല്‍പിച്ചു. തിരഞ്ഞെടുപ്പില്‍ ആയിരത്തിലേറെ വോട്ടിന്‍ ഭൂരിപക്ഷത്തില്‍ പാറക്കല്‍ അബ്ദുല്ല അട്ടിമറി വിജയം നേടുകയും ചെയ്തു.

കെ പി കുഞ്ഞമ്മദ് കുട്ടിയടക്കമുള്ളവരുടെ ആത്മാര്‍ഥതയില്ലായ്മയാണ് ലതികയുടെ പരാജയത്തിന് കാരണമെന്നായിരുന്നു പി മോഹനന്‍ അടക്കമുള്ളവയുടെ വിലയിരുത്തല്‍. ലതികയുടെ പരാജയം പാര്‍ട്ടിയില്‍ പരസ്യമായ വിഭാഗീയതയിലേക്ക് വളര്‍ന്നില്ലെങ്കിലും, കെപി കുഞ്ഞമ്മദ് കുട്ടിയും കുറ്റിയാടിയിലെ ചില പ്രാദേശിക നേതാക്കളും ഔദ്യോഗിക നേതൃത്വത്തിന്റെ കണ്ണിലെ കരടായി.

ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കാന്‍ ഏറ്റവും അനുയോജ്യനായ നേതാവ് കുഞ്ഞമ്മദ് കുട്ടിയാണെന്നും അദ്ദേഹത്തിന് സ്ഥാനാര്‍ഥിത്വം ലഭിക്കുമെന്നുമായിരുന്നു മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകരുടെ പ്രതീക്ഷ. കഴിഞ്ഞ തവണ പരാജയപ്പെട്ട ലതികയുടെ പേര് സ്ഥാനാര്‍ഥി ചര്‍ച്ചകളുടെ ഒരു ഘട്ടത്തിലും ഉയര്‍ന്നു വന്നതുമില്ല.

അങ്ങനെയിരിക്കെയാണ് നാടകീയമായ നീക്കത്തിലൂടെ മണ്ഡലം മാണി കോണ്‍ഗ്രസിന് കൈമാറിയത്. കടത്തനാട് മേഖലയില്‍ വടകര, നാദാപുരം മണ്ഡലങ്ങള്‍ ഘടക കക്ഷികളുടെ കയ്യിലിരിക്കെ താലൂക്കില്‍ അവശേഷിച്ച ഏക മണ്ഡലവും പാര്‍ട്ടിയുടെ പാരമ്പര്യ തട്ടകവുമായ കുറ്റിയാടിയും ഘടക ക്ഷിക്കു കൈമാറാന്‍ യാതൊരു ന്യായ വാദങ്ങളും പാര്‍ട്ടിക്ക് മുന്‍പിലുണ്ടായിരുന്നില്ല. മാണി കോണ്‍ഗ്രസ് ആവശ്യപ്പെടാതെ തന്നെയാണ് മണ്ഡലം സിപിഎം വിട്ടു കൊടുത്തത്. കുറ്റിയാടിയില്‍ മാണി കോണ്‍ഗ്രസിന് നാമ മാത്ര സംഘടനാ ശേഷി പോലുമില്ലെന്നിരിക്കെ മണ്ഡലം ദാനം ചെയ്തതാണ് സിപിഎമ്മില്‍ ആഴത്തിലുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണമായത്.

പൊന്നാനിയില്‍ ടി എം സിദ്ധീഖിനെതിരേയെന്ന പോലെ കുറ്റിയാടിയില്‍ കുഞ്ഞമ്മദ് കുട്ടിക്കെതിരേ മുസ്‌ലിം വിരുദ്ധ ഫാക്ടര്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഉടലെടുത്തു എന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്. അതിനിടെ, ഇന്നത്തെ ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം കുറ്റിയാടി സിപിഎമ്മില്‍ പ്രതിഷേധം കനക്കുമെന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്. പരസ്യ പ്രതിഷേധത്തില്‍ കൂടുതല്‍ ആളുകളെ അണിനിരത്താനുള്ള നീക്കങ്ങള്‍ നടക്കുന്നു.

Tags:    

Similar News